ഓയൂർ: മീയന പാപ്പാലോട്ട് നിന്ന് എക്സൈസ് സംഘം പിടികൂടിയ വ്യാജച്ചാരായം എക്സൈസ് ഓഫീസിലെത്തിയപ്പോഴേക്കും അരിഷ്ടമായി മാറിയെന്ന ആരോപണത്തിൽ എക്സൈസ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചടയമംഗലം എക്സൈസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പാപ്പാലോട്ടെ വീട്ടിലെത്തിയാണ് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ലിറ്റർ കണക്കിന് വ്യാജച്ചാരായവും കോടയും പിടികൂടിയത്. പിടിച്ചെടുത്ത ചാരായം ബക്കറ്റിൽത്തന്നെ ജീപ്പിൽ കയറ്റുകയും വീട്ടുടമയെയും അയാളുടെ പിതാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു .പിന്നീട് അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ മണിക്കൂറുകളോളം പ്രതിയുടെ വാഹനത്തിൽ കറങ്ങിയ ശേഷമാണ് ചാരായം അരിഷ്ടമായി മാറിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അന്വേഷണം പൂർത്തിയായാലുടൻ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ അറിയിച്ചു.