കുണ്ടറ: വെള്ളിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ കുണ്ടറയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ നാശം. പെരുമ്പുഴ ചിറയടി ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചിറയടി ക്ഷേത്രത്തിന് സമീപം പ്രദീഷ് ഭവനത്തിൽ വസന്ത, അനന്തു ഭവനിൽ അമ്പിളി, രജനി ഭവനിൽ വസന്തകുമാരി, മച്ചത്ത് തൊടിയിൽ വീട്ടിൽ സുമതി, ചിറയടി കിഴക്കതിൽ രാഘവൻ, ചിറയടി കിഴക്കതിൽ മോളി, അജി ഭവനത്തിൽ രത്നവല്ലി, മായാ വിലാസത്തിൽ യശോദ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. എട്ട് കുടുംബങ്ങളിലെ 28 പേരെയാണ് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്റെ നേതൃത്വത്തിൽ സമീപത്തെ അങ്കണവാടി കെട്ടിടത്തിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്.
നാന്ത്രിക്കലിൽ സംരക്ഷണഭിത്തി തകർന്ന് സമീപത്ത് നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വീണു. നാന്ത്രിക്കൽ ചേറ്റുകുന്നിൽ പുത്തൻവീട്ടിൽ ജോസിന്റെ കാറാണ് തകർന്നത്. പതിനഞ്ച് അടിയോളം ഉയരമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്ന് വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പതിച്ചത്. കുണ്ടറ അലൈഡ് ഫാക്ടറിക്ക് സമീപം വീടിന്റെ ചുറ്റുമതിൽ തകർന്നുവീണു. ചാറ്റുപാടിക്കൽ മേലത്തിൽ ബെയ്‌സിലിന്റെ വീടിന്റെ ചുറ്റുമതിലാണ് തകർന്നുവീണത്. പത്തടിയോളം പാറകെട്ടിയ ഭാഗവും മതിലും സമീപത്തെ റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു.
പഞ്ചായത്ത് അംഗത്തിന്റെ വീട് തകർന്നു
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം മേക്കോൺ തെക്കേക്കരവിള പുത്തൻവീട്ടിൽ ആബിതയുടെ വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. അപകട സമയത്ത് ആബിതയും ഭർത്താവ് അഹമ്മദ് കോയയും ആബിതയുടെ സഹോദരി ലൈലാ ബീവിയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഏൽക്കാതെ മൂവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
വീട് ഏതാണ്ട് പൂർണമായി തകർന്ന നിലയിലാണ്. രാത്രി ഒൻപത് മണിയോടെ വലിയ ശബ്ദത്തോടെ വീടിനോട് ചേർന്നുനിന്ന സംരക്ഷണഭിത്തി വീടിന്റെ ഭിത്തിയിലേക്ക് പതിക്കുകയായിരുന്നു.