sharukh

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്ട് മാസത്തോളമായി വീടിനുള്ളില്‍‌ കഴിയുകയാണ് ആളുകളെല്ലാം. മുംബയ് കോവിഡിന്റെ പ്രധാന ഹോട്ട്സ്പോട്ട് ആയതോടെ ബോളിവുഡിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഷൂട്ടിംഗുകളും പാര്‍ട്ടികളുമെല്ലാം നിര്‍ത്തിയതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ലോക്ക് ഡൗണിന് ഇടയില്‍ താന്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയെന്ന് പറയു‌കയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍.

ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ലോക്ക്ഡൗണ്‍ പാഠം താരം പങ്കുവെച്ചത്. 'നമ്മള്‍ ജീവിക്കുന്നത് ആവശ്യങ്ങളേക്കാള്‍ അപ്പുറമുള്ള ജീവിതമാണ്, ചിന്തിക്കുന്നത്ര ഗൗരവമായി ആ അവശ്യങ്ങള്‍ നമ്മെ യഥാര്‍ത്ഥത്തില്‍ ബാധിക്കുന്നില്ല. അടച്ചിരിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ പേരെയൊന്നും നമ്മുടെ ചുറ്റും ആവശ്യമില്ല. സമയത്തെ കുറച്ചുനേരം തടഞ്ഞുവച്ച്‌ തിരക്കില്‍ നേടിയെടുത്ത തെറ്റായ സുരക്ഷയിലൂടെ നഷ്ടപ്പെട്ടുപോയ ജിവിതത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പറ്റും. നമ്മള്‍ വഴക്കിട്ടവര്‍ക്കൊപ്പം നിന്ന് ചിരിക്കാനാവും. അതില്‍ നിന്ന് നമ്മുടെ ചിന്ത അവരുടേതിനേക്കാള്‍ വലുതല്ല എന്നു മനസിലാക്കാന്‍ കഴിയും. അതിനേക്കാളൊക്കെ മുകളിലായി സിനേഹത്തിന് ഇപ്പോഴും വിലയുണ്ട്. മറ്റുള്ളവര്‍ എന്തൊക്കെ പറഞ്ഞാലും'- ഷാരുഖ് കുറിച്ചു.

തന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ഷാരുഖിന്റെ വാക്കുകളെ പുകഴ്ത്തിക്കൊണ്ട് നിരവധിപേരാണ് എത്തുന്നത്. താങ്കളുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നു എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. കമന്റുമായി താരങ്ങളും എത്തുന്നുണ്ട്. ഇതുകൊണ്ടാണ് നിങ്ങളെ ഇഷ്ടപ്പെടുന്നത് എന്നാണ് നടി മനീഷ് കൊയിരാള കുറിച്ചത്.