ഓച്ചിറ: കരുനാഗപ്പള്ളി നാട്ടരങ്ങ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ എച്ച്.ഐ.വി അണുബാധിതരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കമായി. താലൂക്കിലെ 15 കുടുംബങ്ങൾക്കും 19 എച്ച്.ഐ.വി അണുബാധിതർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഓച്ചിറ സബർമതി വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ മനുഷ്യാവകാശ സംരക്ഷണ വേദി താലൂക്ക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ സബർമതി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കൃഷ്ണൻകുട്ടി നായർക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. നാട്ടരങ്ങ് സെക്രട്ടറി ബിജു മുഹമ്മദ്, കോ-ഓർഡിനേറ്റർ ഓമനക്കുട്ടൻ, ഹാരി ഹസൻ എന്നിവർ പങ്കെടുത്തു.