കൊല്ലം: നിരീക്ഷണത്തിൽ കഴിയുന്ന ഇരവിപുരം നിയോജക മണ്ഡലത്തിലെ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ പറയാനും സഹായം ലഭിക്കാനും എം. നൗഷാദ് എം.എൽ.എയുടെ ഹലോ എം.എൽ.എ പരിപാടി തുടങ്ങി. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ എം.എൽ.എ ഓഫീസിലാണ് പരിപാടികൾക്ക് തുടക്കമായത്.
ഫോണിൽ വിളിച്ച രണ്ട് പ്രവാസികളോട് സംസാരിച്ചത് മന്ത്രിയാണ്. ഒരാൾ സൗകര്യങ്ങളിൽ സന്തുഷ്ടി അറിയിക്കാനാണ് വിളിച്ചത്. രണ്ടാമത് വിളിച്ച ബംഗളുരുവിൽ നിന്നെത്തിയ വനിത ചായ കിട്ടാൻ എന്താണ് മാർഗം എന്നാണ് അന്വേഷിച്ചത്. ഫേസ്ബുക്കിൽ നിന്ന് വിവരമറിഞ്ഞാണ് എം.എൽ.എയെ വിളിച്ചതത്രേ. ഫോണെടുത്തത് മന്ത്രിയാണെന്നറിഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും. ചായ എത്തിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി എം.എൽ.എയ്ക്ക് വേണ്ടി മറുപടി നൽകി. 8281345097, 8281436097, 8281437097 എന്നീ നമ്പരുകളിൽ എം.എൽ.എ ഓഫീസിലേക്ക് വിളിക്കാം. ഫോൺ വരുമ്പോൾ വിവരം രേഖപ്പെടുത്തി പരാതി പരിഹരിക്കാനും ആവശ്യങ്ങൾ നിർവഹിക്കാനും നടപടിയെടുക്കുമെന്ന് എം.എൽ.എ പറഞ്ഞു.