neer-naya
ആദിച്ചനല്ലൂർ ചിറയിൽ കാണപ്പെട്ട നീർനായ്ക്കൾ

ചാത്തന്നൂർ: ആദിച്ചനല്ലൂർ ചിറയിൽ നീർനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ചിറയിൽ ഫീഷറീസ് വകുപ്പ് നിക്ഷേപിച്ച മത്സ്യസമ്പത്തിന് ഭീഷണിയായി ഇവ പെറ്റുപെരുകുകയാണെന്ന് നാട്ടുകാർ പറയുന്നു.

ഏതാനും വർഷം മുമ്പാണ് ചിറയിൽ നീർനായ് കുഞ്ഞുങ്ങളെ കണ്ടുതുടങ്ങിയത്. ലോക്ക് ഡൗൺ കാലത്ത് ചിറയുടെ ഭാഗത്ത് ആളനക്കം ഇല്ലാതായതോടെ നീർനായ്ക്കൾ കരയിലേക്ക് കയറാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഇവ ചിറയ്ക്കരുകിലെ റോഡിലേക്ക് വലിഞ്ഞുകയറി. കരയിലേക്ക് കയറുന്ന ഇവ കുഞ്ഞുങ്ങളെയും മറ്റും ഉപദ്രവിക്കുമോ എന്ന ആശങ്കയും പരിസരവാസികൾക്കുണ്ട്.

മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുളള ആദിച്ചനല്ലൂർ ചിറ മുമ്പ് പൂർണമായും ഒരു മഴവെള്ള സംഭരണിയായിരുന്നു. എന്നാൽ ഇപ്പോൾ കല്ലട ജനസേച പദ്ധതിയുടെ ആദിച്ചനല്ലൂർ ഡിസ്ട്രിബ്യൂട്ടറിയിലൂടെ വരുന്ന ജലം ഇവിടേക്ക് പൈപ്പ് ലൈൻ വഴി എത്തിക്കുന്നുണ്ട്. ഇതുവഴി തെന്മല ഡാമിലെ നീർനായ കു‌ഞ്ഞുങ്ങൾ ഒഴുകിയെത്തിയാതാകാം എന്ന് കരുതുന്നു.

ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന നീർനായ്ക്കളെ പിടികൂടി വനപാലകർക്ക് കൈമാറുവാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആദിച്ചനല്ലൂർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു.