കൊല്ലം: ആൾ കേരളാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫീസുകൾക്ക് മുന്നിലും കരുനാഗപ്പള്ളിയിലും പുനലൂരുമുള്ള സബ് ഓഫീസുകൾക്ക് മുന്നിലും നാളെ പട്ടിണി സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അറിയിച്ചു. വിൽക്കാൻ കഴിയാത്ത ലോട്ടറി ടിക്കറ്റുകൾ റദ്ദുചെയ്ത് പുതിയ ടിക്കറ്റുകൾ നൽകണമെന്നും ലോട്ടറി മേഖലയ്ക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ലോട്ടറി തൊഴിലാളികൾക്ക് 2000 രൂപ പ്രഖ്യാപിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും 1000 രൂപയാണ് നൽകിയത്. മറ്റുള്ള ലോട്ടറി തൊഴിലാളികൾക്ക് യാതൊരു സഹായവും ഇതുവരെ നൽകിയിട്ടില്ല. ഒന്നാം തീയതി വീണ്ടും നറുക്കെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ 75 ദിവസം പിന്നിട്ട ടിക്കറ്റുകൾ വിൽക്കാൻ തൊഴിലാളികളെ നിർബന്ധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് എന്നിവർ അറിയിച്ചു.