tajikistan

കൊല്ലം: കൊവിഡ് താണ്ഡവമാടുന്ന താജിക്കിസ്ഥാനിൽ 1200 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി. ഇതിൽ 318 പേർ മലയാളികളാണ്. രണ്ടാഴ്ചകൊണ്ട് താജിക്കിസ്ഥാനിൽ 1322 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 39 പേർ മരണപ്പെടുകയും ചെയ്തു. പ്രതിദിനം ഇരുന്നൂറിൽപ്പരം കൊവിഡ് രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. മരണ സംഖ്യയും ഉയർന്നുകൊണ്ടിരുക്കുമ്പോഴാണ് ഇന്ത്യൻ വിദ്യാർത്ഥികൾ ഭയത്തോടെ കഴിയുന്നത്.

വന്ദേഭാരത് മിഷൻ പ്രകാരം ഈ മാസം 27ന് നാട്ടിലേക്ക് മടങ്ങാൻ ഒരു വിമാനം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനം മലയാളി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. മറ്റൊന്ന് ജയ്പൂരിലേക്ക് നോർത്ത് ഇന്ത്യക്കാർക്ക് വേണ്ടിയുമുണ്ട്. കണ്ണൂരിൽ ഇറങ്ങുന്ന വിമാനത്തിൽ 150 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. 318 മലയാളികൾ ഉള്ളതിനാൽ ശേഷിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചുവരവിന്റെ സാദ്ധ്യതകൾ മങ്ങുകയാണ്.

27ന് സജ്ജമാക്കിയിട്ടുള്ള എയർ ഇന്ത്യ വിമാനത്തിന്റെ കപ്പാസിറ്റി കൂട്ടി കൂടുതൽപേരെ ഉൾപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കണമെന്നും അതിന് കഴിയില്ലെങ്കിൽ തൊട്ടടുത്ത ആഴ്ചയിൽ ശേഷിക്കുന്നവരെ നാട്ടിലെത്തിയ്ക്കുവാൻ വേണ്ടുന്ന വിമാന സർവ്വീസ് നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. വൈകുംതോറും തങ്ങളുടെ അവസ്ഥ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്നാണ് വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പോലും ചികിത്സ ലഭിക്കാൻ കഴിയാത്ത രാജ്യമാണ് താജിക്കിസ്ഥാൻ. ഇത്തരം രോഗികളെ കൊവിഡിന് മുൻപും മറ്റ് നാടുകളിലേക്ക് ചികിത്സയ്ക്കായി അയക്കുകയാണ് ചെയ്തുവരുന്നത്. കൊവിഡിന്റെ പിടി രൂക്ഷമായതോടെ ചികിത്സാ സംവിധാനങ്ങളില്ലാതെ കൂടുതൽ മരണത്തിലേക്ക് തള്ളിവിടാനെ കഴിയുകയുള്ളൂ. അടിയന്തിര സഹായം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സംസ്ഥാനത്തെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമടക്കം വാട്സ് അപ് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്.