fishing
ട്രോളിംഗ് നിരോധനം, ഇളവില്ല

കൊല്ലം: ലോക്ക്ഡൗൺ കാരണം വലിയ മത്സ്യബന്ധന യാനങ്ങൾക്ക് ഒന്നരമാസത്തിലേറെയായി കടലിൽ പോകാനാകാത്ത സാഹചര്യമുണ്ടെങ്കിലും ട്രോളിംഗ് നിരോധനത്തിൽ ഇത്തവണ ഇളവുണ്ടാകില്ല. പഴയതുപോലെ ജൂൺ 9ന് അർദ്ധരാത്രി ആരംഭിച്ച് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലായ് 31ന് അവസാനിക്കും.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് ബോട്ടുകൾ മത്സ്യബന്ധനം നിറുത്തിയത്. ഇളവുകൾ അവനുവദിച്ചതോടെ 64 അടി വരെ നീളമുള്ള ബോട്ടുകൾക്ക് മാത്രമാണ് അനുമതി നൽകിയത്. ഈ നീള പരിധിക്കുള്ളിൽ വരുന്ന 300 ഓളം ബോട്ടുകളാണ് ഇപ്പോൾ കടലിൽ പോകുന്നത്. 65 മുതൽ 80 അടി വരെ നീളമുള്ള 700 ഓളം ബോട്ടുകൾ ഇപ്പോഴും കടൽ കാണാനാകാതെ കിടക്കുകയാണ്. ഇളവ് അനുവദിച്ച് വരും ദിവസങ്ങളിൽ വലിയ ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചാലും ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നാൽ നാമമാത്രമായ ദിവസങ്ങളിലേ മത്സ്യബന്ധനം നടത്താനാകൂ.

65 അടിക്ക് മുകളിലുള്ള 700 ഓളം ബോട്ടുകളിൽ ഏകദേശം പതിനായിരത്തോളം തൊഴിലാളികളുണ്ട്. ഒന്നരമാസത്തിലേറെയായി കടലിൽ പോകാതെ ഇവർ കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് വലിയ ബോട്ടുടമകൾ ട്രോളിംഗ് നിരോധനത്തിൽ ഇളവ് വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. പക്ഷെ ഒരു കാരണവശാലും ഇളവ് അനുവദിക്കരുതെന്ന നിലപാടിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. എന്തായാലും മത്സ്യസമ്പത്തിനെയും പ്രജനനത്തെയും ബാധിക്കുന്ന ഒരുതരത്തിലുള്ള ഇളവുകൾക്കും സന്നദ്ധമല്ലെന്ന കർശന നിലപാടിലാണ് സർക്കാർ.

തുടങ്ങുന്നത്: ജൂൺ 9ന് അർദ്ധരാത്രി

അവസാനിക്കുന്നത്: ജൂലായ് 31ന്

ആകെ: 52 ദിവസം

ആകെ രജിസ്റ്റർ ചെയ്ത ബോട്ടുകൾ: 1300

മത്സ്യബന്ധനത്തിൽ സജീവമായുള്ളത്: 1000

കടലിൽ പോകുന്നത്: 300

തീരത്ത് കിടക്കുന്നത്: 700

പോകാത്ത ബോട്ടുകളിലെ തൊഴിലാളികൾ: 10,000

''

ട്രോളിംഗ് നിരോധനത്തിൽ ഇളവ് വരുത്തിയാൽ അടുത്ത ഒരു വർഷക്കാലത്തെ മത്സ്യലഭ്യതയെ ബാധിക്കും. അതുകൊണ്ട് ഒരുകാരണവശാലും ഇളവ് അനുവദിക്കാനാകില്ല.

ജെ. മേഴ്സിക്കുട്ടി അമ്മ (മന്ത്രി)