msv
എസ്.എം വെങ്കിട്ട നാരായണ റെഡ്യാർ ഓഫീസ് മുറിയിൽ

കൊല്ലം: ജന്മംകൊണ്ട് മലയാളി അല്ലെങ്കിലും കൊല്ലത്തുകാർ ഇത്രത്തോളം നെഞ്ചോട് ചേർത്ത ഒരു വ്യാപാരി വേറെയുണ്ടാകില്ല. എസ്.എം.വി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന എസ്.എം. വെങ്കിട്ടനാരായണ റെഡ്യാർ യാത്രയാകുമ്പോൾ വ്യാപാര രംഗത്തെ വലിയൊരദ്ധ്യായത്തിനാണ് തിരശീല വീഴുന്നത്.

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ സമൂഹരംഗപുരം എന്ന കൊച്ചുഗ്രാമത്തിൽ 1934 ആണ് ജനനം. പത്താംക്ലാസ് പഠനം കഴിഞ്ഞ് പതിനാറാം വയസിൽ തൊഴിൽ തേടി കൊല്ലത്തെത്തി.

നഗരത്തിലെ കേശവ റെഡ്യാരുടെ സ്വർണക്കടയിൽ ജോലിക്കാരനായി. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയെ വിവാഹം കഴിച്ചു. ഇതിനുശേഷം സ്വന്തമായി ചെറിയൊരു സ്വർണാഭരണശാല ആരംഭിച്ചു. 1969ലാണ് കൊല്ലം മെയിൻ റോഡിൽ ശ്രീനിവാസ് ഫേബ്രിക്സ് തുടങ്ങിയത്. പിന്നീട് അതിവേഗം വസത്രരംഗത്തെ മൊത്തവ്യാപാരിയായി എസ്.എം.വി വളർന്നു.

കൊല്ലത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ ഏഴുപതാം ജന്മദിനം കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ വിപുലമായാണ് ആഘോഷിച്ചത്. 1941ൽ രൂപം കൊണ്ട വ്യാപാര സംഘടനയായ ക്വയിലോൺ മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെയും സമുദായ സംഘടനയായ തിരുവിതാംകൂർ റെഡ്യാർ ഐക്യ സംഘത്തിന്റെയും രക്ഷാധികാരിയായിരുന്നു.

ഇപ്പോൾ കൊല്ലത്തിന് പുറമേ തിരുവനന്തപുരം, കോട്ടയം, ചെന്നൈ എന്നിവിടങ്ങളിലും മൊത്ത വസ്ത്രവിതരണ ശാലകളുണ്ട്. മുംബയ്, സൂററ്റ് എന്നിവിടങ്ങളിൽ പ്രത്യേക ഓഫീസും പ്രവർത്തിക്കുന്നു. ബോംബെ ഡൈയിംഗ് എന്ന വസ്ത്ര കമ്പിനിയുടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിതരണക്കാരൻ കൂടിയായിരുന്നു.