arrest

പുനലൂർ: മദ്യലഹരിയിൽ പുനലൂർ പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ അടിച്ച് തകർക്കുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 4 യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുനലൂർ സ്വദേശികളായ കിഷോർ, കോഴി ഷാജി എന്ന ഷാജി, ദിനേശൻ, കാർത്തിക് എന്ന ഹരി എന്നിവരാണ് റിമാൻഡിലായത്. ശനിയാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. മദ്യപിച്ച് പുനലൂർ ടൗണിലെത്തിയ യുവാക്കൾ അസഭ്യം പറഞ്ഞ് ബഹളം ഉണ്ടാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട കാൽ നടയാത്രക്കാർ പുനലൂർ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് 4 യുവാക്കളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പ്രതികൾ സ്റ്റേഷനിലെ കമ്പ്യൂട്ടർ അടിച്ച് തകർക്കുകയായിരുന്നു. ഇവരെ തടയാൻ ശ്രമിച്ച പൊലീസുകാരെ യുവാക്കൾ അക്രമിക്കാനും ശ്രമിച്ചു. ഇവർ പുനലൂർ ടൗണിൽ സ്ഥിരമായി അക്രമം നടത്തുന്നവരാണെന്നും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.