zz
ജീപ്പിൽ എത്തിക്കുന്ന കുടിവെള്ളത്തിനായി കാത്ത് നില്ക്കുന്ന കോളനിവാസികൾ

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശമായ ചെമ്പനരുവി മുള്ളുമല ആദിവാസി കോളനിയിൽ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ ഗിരിവർഗക്കാർ വീണ്ടും കാടുകയറുന്നു. ആറുവർഷം മുൻപ് ജില്ലാ പഞ്ചായത്ത്

ഇരുപത്തിയഞ്ച് ലക്ഷം മുടക്കി പണി കഴിപ്പിച്ച കുടിവെള്ള പദ്ധതി കാഴ്ചവസ്തുവായിട്ട് കാലങ്ങളായി. പഞ്ചായത്ത് കിണറും വറ്റിവരണ്ടു. കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ കോളനി നിവാസികൾ വീണ്ടും കാടുകയറേണ്ട സാഹചര്യമാണെന്ന് ഊരുമൂപ്പൻ രഘു പറഞ്ഞു. കോളനി നിവാസികൾ പഴയത് പോലെ കാടുകയറാൻ തുടങ്ങിയെന്നറിയിച്ചിട്ടും ട്രൈബൽ വകുപ്പ് അധികൃതൽ തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോഗ്യവകുപ്പിന്റെ പരിശോധന ഇവിടെ നടക്കുന്നില്ലെന്നുമാണ് മുൻപ് ഊരുമൂപ്പനായിരുന്ന സജു സത്യന്റെ ആരോപണം.


വർഷങ്ങളായി ഇവിടെ കഴിയുന്നവർക്ക് വീടുവയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനുമായി ഭൂമി അനുവദിക്കണം.

സന്തോഷ് മുള്ളുമല (പൊതുപ്രവർത്തകൻ )

കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ കോളനിവാസികൾ കാട്കയറേണ്ടി വരുന്ന അവസ്ഥയ്ക്ക് അധികൃതർ പരിഹാരം കാണണം

രഘു ( ഊര് മൂപ്പൻ)

82 ആദിവാസി കുടുംബങ്ങൾ

നൂറ് വർഷം മുൻപ് പതിനാല് കുടുംബങ്ങൾക്ക് നൽകിയ 9.31 ഹെക്ടർ സ്ഥലത്താണ് ഇന്ന് എൺപത്തിരണ്ടോളം ആദിവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നത്. നാല് തലമുറകളായി ഇവർ ഇവിടെ കഴിയുകയാണ്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ വിവിധ സംഘടനകളെത്തിച്ചു നൽകിയ ഭക്ഷ്യധാന്യങ്ങൾ തീർന്നതോടെ ഇവർ പട്ടിണിയുടെ വക്കിലാണ്.