കൊല്ലം: കശുഅണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കശുഅണ്ടി തൊഴിലാളി ഫെഡറേഷന്റെ (യു.ടി.യു.സി) നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി.
പൂട്ടിക്കിടക്കുന്ന സ്വകാര്യ ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കുക, കടക്കെണിയിലായ വ്യവസായികളുടെ വായ്പാ കാലാവധി നീട്ടി പലിശ ഇളവ് ചെയ്യുക, പുതിയ വായ്പാ പദ്ധതിക്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകുക, കൊവിഡ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ വഴി പ്രത്യേക ധനസഹായം നൽകുക, തൊഴിൽരഹിതരായ തൊഴിലാളികൾക്ക് 10000 രൂപ ക്രമത്തിൽ ധനസഹായം നൽകുക, കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.
ഫെഡറേഷൻ പ്രസിഡന്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, ടി.സി. വിജയൻ, കുരീപ്പുഴ മോഹനൻ, ഇടവനശേരി സുരേന്ദ്രൻ, കെ.എസ്. വേണുഗോപാൽ, ടി.കെ. സുൽഫി, കിളികൊല്ലൂർ ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.