ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അതിഥി തൊഴിലാളികള്‍ക്കൊപ്പം പിന്തുണയും സഹായവും നൽകി നടന്‍ പ്രകാശ് രാജ് ഒപ്പമുണ്ട്..അതിഥി തൊഴിലാളികൾക്ക് താമസിക്കാന്‍ സ്വന്തം ഫാം ഹൗസില്‍ സൗകര്യം ഒരുക്കിയിരുന്നു. അവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യവും ഒരുക്കിനല്‍കി. കൂടാതെ നാടുകളിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് അദ്ദേഹം ഭക്ഷണവും ഉണ്ടാക്കി നല്‍കുന്നുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്കായി കടം വാങ്ങാനോ ഇരക്കാനോ താന്‍ തയാറാണെന്ന് വ്യക്തമാക്കുകയാണ് പ്രകാശ് രാജ്.
ട്വിറ്ററില്‍ താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുന്നത്. 'ഞാന്‍ ഇരക്കുകയോ കടം വാങ്ങുകയോ ചെയ്യും, പക്ഷേ എന്റെ വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവയ്ക്കും. അവര്‍ എനിക്ക് തിരികെ നല്‍കില്ലായിരിക്കാം. എന്നാല്‍ ഒടുവില്‍ അവര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ പറയും. ഞങ്ങള്‍ക്ക് വീട്ടിലെത്താന്‍ പ്രതീക്ഷ നല്‍കിയ ഒരാളെ ഞങ്ങള്‍ കണ്ടുമുട്ടിയെന്ന്- പ്രകാശ് രാജ് കുറിച്ചു.
31 അതിഥി തൊഴിലാളികള്‍ക്കാണ് പ്രകാശ് രാജ് തന്റെ ഫാം ഹൗസില്‍ അഭയം നല്‍കിയത്. തുടര്‍ന്ന് ഇവരെ നാടുകളിലേക്ക് എത്തിക്കാന്‍ അദ്ദേഹം തന്നെ വാഹനം ഏര്‍പ്പാടാക്കുകയായിരുന്നു.തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം ഈ ലോക്ക് ഡൗണ്‍ കാലത്ത് പ്രകാശ് രാജ് മാറ്റിവച്ചിരുന്നു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളവും നല്‍കി.