airport

ഹെെദരാബാദ്: കൊവിഡ് 19നെതിരെയുള്ള പ്രധാന പ്രതിരോധ നടപടിയാണ് സാമൂഹിക അകലം പാലിക്കുക എന്നത്. ഇത് ഏറ്റവും കര്‍ശനമായി പാലിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് വിമാനത്താവളങ്ങള്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ആള്‍ക്കാര്‍ എത്തുന്ന സ്ഥലമാണിത്. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന് പുതിയ സജ്ജീകരണങ്ങൾ കൊണ്ടു വന്നിരിക്കുകയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി കോണ്ടാക്ട്‌ലെസ് ടെര്‍മിനല്‍ എന്‍ട്രി എന്ന സൗകര്യം ഒരുക്കിയിരിക്കുകയാണ്. അതായത് യാത്രക്കാരന് എയര്‍പോര്‍ട്ട് സ്റ്റാഫുകളുമായി ഇടപഴകേണ്ട ആവശ്യം തീരെ വരുന്നില്ല എന്നര്‍ത്ഥം. എന്‍ട്രി ഗേറ്റില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ നിലയുറപ്പിച്ചിട്ടുണ്ടാകും. ടിക്കറ്റുകളും ഫോട്ടോ ഐഡിയും അദ്ദേഹത്തെ കാണിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം.

എന്നാല്‍ പുതിയ നിയമം അനുസരിച്ച് എന്‍ട്രി ഗേറ്റില്‍ ഇനി ഇതുപോലെ സുരക്ഷാ ഉദ്യാഗസ്ഥനെ രേഖകള്‍ കാട്ടികൊടുക്കേണ്ടതില്ല. അതിന് പകരമായി ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന എച്ച്ഡി കാമറയ്ക്കു മുന്നില്‍ കാണിച്ചാല്‍ മതിയാകും. എല്ലാ ഡിപാര്‍ച്ചര്‍ ഗേറ്റിലും ഇത്തരത്തില്‍ കാമറകള്‍ സ്ഥാപിക്കും. യാത്രക്കാരന്റെ അടുത്ത് നിന്ന് മാറി സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടറില്‍ രേഖകള്‍ പരിശോധിക്കും.

ഇതിന്റെ വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ചെക്ക് ഇന്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ യാത്രക്കാരന് അനുമതി ലഭിക്കും. എല്ലാ ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളിലും തെര്‍മല്‍കാമറകളും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. യാത്രക്കാരുടെ ശരീരോഷ്മാവ് ഇതിലൂടെ അളക്കും. ഏതെങ്കിലും യാത്രക്കാരനില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയാല്‍ അയാളെ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കും.

സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചെക്ക് ഇന്‍ കൗണ്ടറുകളിലും പ്രത്യേകം സജ്ജീകരണങ്ങളുണ്ടായിരിക്കും. കൗണ്ടറുകളില്‍ അക്രീലിക് ഷീല്‍ഡുകളുണ്ടാകും. ബോര്‍ഡിംഗ് പാസുകളും ബാഗേജ് ടാഗുകളും യാത്രക്കാരന് സ്വയം ലഭിക്കുന്ന തരത്തില്‍ സജ്ജീകരിക്കും. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളും സമാന രീതികള്‍ ആവഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ്.