pauri

ഉത്തരാഖണ്ഡിലെ 'പ്രേത ഗ്രാമങ്ങൾ' ക്വാറന്റൈൻ കേന്ദ്രങ്ങളാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രേത ഗ്രാമങ്ങളാണ് ഇത്തരത്തിൽ സജ്ജീകരിക്കപ്പെടുന്നത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളും സ്ഥലങ്ങളും കാണാം. അതുകൊണ്ടാണ് പ്രേതഗ്രാമമെന്ന് അറിയപ്പെടുന്നത്. ഇവിടത്തെ വീടുകളെല്ലാം ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് റിക്‌നിക്കൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തപ്‌ലിയാൽ പറഞ്ഞു.

പൗരി ജില്ലയിൽ നിരവധി വീടുകളും സ്ഥലങ്ങളും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. മതിയായ സൗകര്യങ്ങളില്ലാത്തതും ദുരിതപൂർണമായ ജീവിത രീതികളും തൊഴില്ലായ്മയുമൊക്കെ ചേർന്നപ്പോൾ ഇവിടെ നിന്ന് ആൾക്കാരെ കൂട്ടമായി നാടു വിടാൻ പ്രേരിപ്പിച്ചതാണ്. മികച്ച തൊഴിലുകളും ബിസിനസുമൊക്കെ അന്വേഷിച്ച് അവർ പുറം നാടുകളിലേക്ക് പോയി. ഇതിന്റെ ഫലമായി ഗ്രാമങ്ങൾ ആർക്കും വേണ്ടാതെയായി. പഞ്ചായത്ത് കെട്ടിടങ്ങളും സ്‌കൂളുകളുമായിരുന്നു ആദ്യം ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ, ഇവ സ്ഥിതി ചെയ്യുന്നത് ജനങ്ങൾ കൂടുതലായി പാർക്കുന്ന സ്ഥലങ്ങളിലാണ്. അതിനാൽ അവിടെ ക്വാറന്റൈൻ കേന്ദ്രങ്ങൾ വരുന്നത് ജനങ്ങൾക്ക് ഭീഷണിയാകും. ഇതാണ് ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലെ വീടുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഒന്നുകിൽ സ്വന്തം വീടുകളിൽ കഴിയണം. അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണം. പ്രേതഗ്രാമങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ 576 ആൾക്കാരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.