ലോക്ക് ഡൗണിനിടെ ടിക്ക് ടോക്കിൽ സജീവമായ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ വാർണർ, കുടുംബത്തിനൊപ്പമാണ് ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യാറുളളത്. ദക്ഷിണേന്ത്യൻ സിനിമകളിലെ കഥാപാത്രങ്ങളെ അനുകരിച്ച് ടിക് ടോക് വീഡിയോ ചെയ്യുകയാണ് കക്ഷിയുടെ പ്രധാന ഹോബി.
ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയായിട്ടാണ് ഡേവിഡ് വാർണർ എത്തിയിരിക്കുന്നത്. ബാഹുബലിയിലെ പോലെ പടച്ചട്ടയും കീരിടവുമെല്ലാം ധരിച്ചാണ് വാർണർ വീഡിയോ ചെയ്തിരിക്കുന്നത്. ഏത് സിനിമയിലേതാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാർണർ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ, പ്രഭാസ് സിനിമയിൽ ധരിക്കുന്നതുപോലുള്ള ശരീര കവചം ധരിച്ച വാർണറെ കാണാം. സിനിമയിൽ നിന്നുള്ള പ്രശസ്തമായ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് വാർണർ ബാഹുബലിയാകുന്നത്. വാർണർക്കൊപ്പം അദ്ദേഹത്തിന്റെ മകളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. വാർണറുടെ ബാഹുബലി വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
നേരത്തെ പോക്കിരിയിലെ സീൻ അനുകരിച്ചതിന് പിന്നാലെ സംവിധായകൻ പുരി ജഗന്നാഥ് വാർണറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. കൂടാതെ തന്റെ ഏതെങ്കിലും ഒരു ചിത്രത്തിൽ കാമിയോ റോളിൽ അഭിനയിക്കാനും അദ്ദേഹം വാർണറോട് ആവശ്യപ്പെട്ടു. പുരി ജഗന്നാഥിന് വാർണർ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ടിക്ക് ടോക്കിലും നിരവധി ആരാധകരുള്ള താരമാണ് ഡേവിഡ് വാർണർ. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഡേവിഡ് വാർണർ.