മഹാമാരിക്കാലത്തെ ദുരിതങ്ങളെ കാരണ്യപ്പെരുമഴയിലൂടെ തോൽപ്പിക്കുകയാണ് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ. ഒരു ചാറ്റൽ മഴയായി പെയ്തുതുടങ്ങിയ കാരുണ്യം കൊവിഡ് കാലത്ത് സഹജീവികൾ ഭക്ഷണമില്ലാതെ, ജോലിയില്ലാതെ, മരുന്ന് വാങ്ങാൻ പണമില്ലാതെ വലയുമ്പോൾ അവർക്കായി നിലയ്ക്കാതെ ആർത്തുപെയ്യുകയാണ്.
പട്ടണി എന്തെന്ന് സന്തോഷ് കുമാറിന് നന്നായറിയാം. നയാപൈസയില്ലാതെ അലയുന്നവന്റെ സങ്കടങ്ങളുമറിയാം. കുട്ടിക്കാലത്ത് ഇതെല്ലാം അനുഭവിച്ചതാണ്. അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ ഉടമയായി വളർന്ന സന്തോഷ് കുമാറിന്റെ മനസിൽ ഇപ്പോഴും ഒഴിഞ്ഞ വയറുമായി അന്തിയുറങ്ങിയ കുഞ്ഞു സന്തോഷുണ്ട്. കീറിയ നോട്ട്ബുക്കും മുഷിഞ്ഞ വസ്ത്രങ്ങളും ധരിച്ച് ക്ലാസ് മുറിയിൽ ഒറ്റപ്പെട്ട ദിനങ്ങളുണ്ട്. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയതിന്റെ വേദനയുണ്ട്. പിന്നിട്ട ദുരിത കാലങ്ങളാണ് സന്തോഷിനെ ഇല്ലായ്മകൾക്ക് മുന്നിൽ കരളലിയുന്ന സുമനസാക്കി മാറ്റിയത്.
അമ്മുമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടിക്കാലം. ചെറുപ്രായത്തിൽ കൂലിവേലയ്ക്കിറങ്ങി. ദാരിദ്ര്യം മാറാഞ്ഞതോടെ 20-ാം വയസിൽ നാടുവിട്ട് തൃശൂരിലേക്ക് പോയി. അവിടെ ഹോട്ടലിൽ ജോലിയെടുത്തു. കൂലി സൂക്ഷിച്ചു വച്ച് അഞ്ച് വർഷത്തിന് ശേഷം മടങ്ങിയെത്തി ഓട്ടോറിക്ഷ വാങ്ങി. 1996 ൽ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് അമ്മ എന്റർപ്രൈസസ് തുടങ്ങിയത്. സ്ഥാപനം പച്ചപിടിച്ച് തുടങ്ങിയപ്പോൾ തന്നെ ലാഭത്തിന്റെ ഒരുഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. 2000 ൽ അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് ആരംഭിച്ചു. ഇപ്പോൾ ഏഴ് ശാഖകളുണ്ട്. മൂന്ന് വർഷം മുൻപ് ആരംഭിച്ച അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ജെ. സുധാകരക്കുറുപ്പാണ് ട്രസ്റ്റിന്റെ പ്രസിഡന്റ്. വേണു. സി. കിഴക്കനേല കോ- ഓർഡിനേറ്ററും ബി. ഗിരീഷ് കുമാർ കൺവീനറുമാണ്.
ശ്രീലകം
നടയ്ക്കൽ ശ്രീലകം വീട്ടിലാണ് താമസം. ഭാര്യ ശ്രീജ സന്തോഷ് റവന്യു വകുപ്പ് ജീവനക്കാരിയാണ്. വിദ്യാർത്ഥികളായ ശ്രീനന്ദന, ശ്രീഹരി സന്തോഷ് എന്നിവർ മക്കൾ
പുരസ്ക്കാരങ്ങൾ
വിസ്മയ ചാനലിന്റെ ഇൻസ്പിറേഷൻ അവാർഡ്, പാരിപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ഡോണർ അവാർഡ്, സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ക്ലബ്ബുകളുടെയും അവാർഡുകൾ.
കൊവിഡ് കാലത്തെ ഇടപെടലുകൾ
കളക്ടർ, എം.പി, എം.എൽ.എ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ ബോധവത്കരണ ഡോക്യുമെന്ററി നിർമ്മിച്ചാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്. യൂട്യൂബിലും പ്രാദേശിക ചാനലുകളിലും പ്രദർശിപ്പിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുമാസം പ്രഭാതഭക്ഷണവും രണ്ടാഴ്ചക്കാലം സംഭാരവും കുടിവെള്ളവും നൽകി.
പാവപ്പെട്ട 90 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ്, കമ്മിഷണർ ഓഫീസ്, ചാത്തന്നൂർ എ.സി.പി ഓഫീസ്, ചാത്തന്നൂർ, പാരിപ്പള്ളി, പരവൂർ, പള്ളിക്കൽ പൊലീസ് സ്റ്റേഷനുകൾ, പരവൂർ ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ആയിരം വീതം ഗ്ലൗസും മാസ്കും സാനിട്ടൈസറും എത്തിച്ചു. ആശ പ്രവർത്തകർ, ഇത്തിക്കര ബ്ലോക്ക് ക്ഷീരവികസന ഓഫീസ്, ക്ഷീര സംഘങ്ങൾ, പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും മാസ്കും സാനിട്ടൈസറും ഗ്ലൗസും നൽകി.
പാരിപ്പള്ളി പി.എച്ച്.സിയിലും വിവിധയിടങ്ങളിലും ബ്രേക്ക് ദി ചെയിന്റെ ഭാഗമായി കൈ കഴുകാൻ ടാപ്പുകൾ സ്ഥാപിച്ചു.
# ലോക്ക് ഡൗണിൽ ജീവിതമാർഗ്ഗം നഷ്ടപ്പെട്ട കലാകാരന്മാർക്ക് പാരിപ്പള്ളി നാടക് മേഖലയുടെ സഹകരണത്തോടെ ഭക്ഷ്യകിറ്റ്.
# നിർദ്ധനരായ അഞ്ച് രോഗികൾക്ക് ചികിത്സാധനസഹായം.
# നടയ്ക്കൽ ഇടക്കുന്ന് സ്നേഹവീട്ടിൽ ഭക്ഷ്യവസ്തുക്കൾ
# ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികൾക്ക് ലാക്ടൊജൻ.
# ആറ്റിങ്ങൽ ഫയർ സ്റ്റേഷനിലെ ജീവനക്കാർക്ക് സ്തുത്യർഹ്യ സേവനത്തിന് അമ്മ ചാരിറ്റബിൾ ട്രസ്റ്രിന്റെ പുരസ്കാരം.
# ട്രസ്റ്റിന്റെ വാഹനം ഒരുമാസത്തോളം പഞ്ചായത്തിനും പൊലീസിനും കൊവിഡ് ബോധവത്കരണത്തിന് സൗജന്യമായി നൽകി.
# അമ്മ എൻ്റർപ്രൈസസിൽ വരുന്നവർക്ക് സൗജന്യ മാസ്ക്
ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങൾ
ഗുരുതര രോഗ ബാധിതർക്ക് പ്രതിമാസം 1000 രൂപ (രക്ഷിതാക്കൾ ഇല്ലാത്തവർക്ക് 1200 രൂപ) നൽകിക്കൊണ്ടാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ തുടക്കം
14 നേത്ര പരിശോധനാ ക്യാമ്പ്, 2000 പേർക്ക് സൗജന്യ കണ്ണട, 300 പേർക്ക് തിമിര ശസ്ത്രക്രിയ, 3000 പേർക്ക് മരുന്ന്
22 സ്കൂളുകളിൽ ദിനപത്രം
സ്കൂളുകളിൽ ക്വിസ് മത്സരങ്ങളും ലഹരി വിരുദ്ധ ബോധവത്കരണവും വിജയദശമി നാളിൽ ആദ്യക്ഷരമെഴുതുന്ന കുരുന്നുകൾക്ക് അക്ഷരമാല കിറ്റ്.
നടയ്ക്കൽ ഇടക്കുന്ന് സ്നേഹവീട് നിർമ്മാണത്തിന് 140000 രൂപ
എല്ലാമാസവും കാൻസർ രോഗികൾക്ക് ചികിത്സാ ധനസഹായമായി 5000 രൂപ
കല്ലുവാതുക്കൽ പഞ്ചായത്തിലെ ഓരോ വാർഡിലെയും രണ്ട് പേർക്ക് ചികിത്സാധനസഹായവും
തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് 700 മുതൽ 1200 രൂപ വരെ സ്കോളർഷിപ്പും നൽകിയിരുന്നു