pic

കൊല്ലം: കൊവിഡിൽ നിന്നും മുക്തമായ സന്തോഷത്തിനിടയിലാണ് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആശാ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ജനപ്രതിനിധിയും ആരോഗ്യ പ്രവർ‌ത്തകയുമായതിനാൽ കൂടുതൽ സമ്പർക്കം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അതിന്റേതായ ആശങ്കയും നിലനിൽക്കുന്നു. ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ആരോഗ്യ പ്രവർത്തകയാണ് കല്ലുവാതുക്കൽ സ്വദേശിനി. ഇവർക്ക് എവിടെ നിന്നാണ് രോഗം പടർന്നതെന്ന കാര്യം വ്യക്തമല്ല.

രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടപ്പോഴാണ് കൂടുതൽപേരിലേക്ക് രോഗം പടർന്നിരിക്കുമോയെന്ന ആശങ്ക പരന്നത്. ഇവർ 14,15 ദിവസങ്ങളിൽ പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കമുള്ള 37 പേരുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വിടുകയും ചെയ്തു. ആരോഗ്യ കേന്ദ്രം ഇന്നലെ അടച്ചു. ഫയർഫോഴ്സ് അണുവിമുക്തമാക്കുന്ന ജോലികൾ നടത്തിവരികയാണ്. ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കം നടത്തിയവരെ കണ്ടെത്തി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്. ഇരുന്നൂറിലധികം പേർ ഇത്തരത്തിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ.

റൂട്ട് മാപ്പ് ഇങ്ങനെ

മെയ് മെയ് ഒന്നു മുതൽ ഏഴുവരെ ജോലിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചു. കല്ലുവാതുക്കൽ മേമനക്കോണം സാമൂഹിക അടുക്കളകളിലും സന്ദർശിച്ചു. മെയ് 8,9 തീയതികളിൽ കല്ലുവാതുക്കൽ ഒന്നു മുതൽ നൂറ് വരെ നമ്പർ വീടുകളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 8 മുതൽ 10 വരെ 25 എൻ.സി.ഡി രോഗികളെയും കിടപ്പ് രോഗികളെയും സന്ദർശിച്ചു. മേമനക്കോണം പ്രദേശത്ത് അവശ്യ വസ്തുക്കൾ വിതരണം ചെയ്തു. 11ന് ഓവർസിയർക്കൊപ്പം ഫീൽഡ് വർക്കിൽ പങ്കെടുത്തു. ഇത്തിക്കര ബ്ളോക്കിലെ ഡ്രൈവർക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ചു. ഇത്തിക്കര ബ്ളോക്ക് പ്രസിഡന്റും മറ്റ് ജനപ്രതിനിധികൾക്കുമൊപ്പം യോഗത്തിൽ പങ്കെടുത്തു. 14ന് രാവിലെ 11.30ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സന്റിനൽ സർവയലൻസിന്റെ ഭാഗമായി കൊവിഡ് പരിശോധന നടത്തി. 15ന് ഇളംകുളം സർവീസ് സഹകരണബാങ്ക്, റീജിയണൽ സർവീസ് സഹകരണ ബാങ്ക്, കല്ലുവാതുക്കൽ ആമി ബേക്കറി, ബേക്കറിയ്ക്ക് സമീപത്തെ ജനസേവന കേന്ദ്രം എന്നിവിടങ്ങളിൽ സന്ദർശിച്ചു. ചാത്തന്നൂർ വിവാഹ ബ്രോക്കറുമായി പ്രതിശ്രുത വരന്റെ കുടുംബം സന്ദർശിച്ചു. 16ന് ചിറക്കരയിൽ താമസിക്കുന്ന പിതാവിനെയും അയൽവാസികളെയും സന്ദർശിച്ചു. ഉച്ചയോടെ രോഗബാധ സ്ഥിരീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.