കൊല്ലം: കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല ചക്കുവരയ്ക്കലിൽ റേഷൻ സാധനങ്ങളുടെ തൂക്കത്തിൽ വെട്ടിപ്പ് നടത്തിയ റേഷൻ കട സസ്‌പെൻഡ് ചെയ്തു. ചക്കുവരക്കൽ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന 15-ാ൦ നമ്പർ റേഷൻ കടയാണ് താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്‌ഫ് സസ്‌പെൻഡ് ചെയ്തത്. 24 കിലോ അരിക്കും 6 കിലോ ഗോതമ്പിനും അർഹതയുള്ള ഓമന എന്ന മുൻഗണന റേഷൻ കാർഡ് ഉടമയ്ക്ക് യഥാക്രമം 16.5 കിലോയും 3.3 കിലോയുമാണ് നൽകിയത്. ഇവയുടെ ആകെ വിലയായ 33 രൂപയ്ക്ക് പകരം 50 രൂപ കൈപ്പറ്റുകയും ചെയ്തു. കാർഡുടമയ്ക്ക് അർഹതപ്പെട്ട റേഷൻ വിഹിതത്തിൽ 10.2 കിലോ റേഷൻ വ്യാപാരി നിയമവിരുദ്ധമായി കൈക്കലാക്കുകയായിരുന്നു. താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇൻസ്‌പെക്ടർമാരായ ബി.എസ്.ശ്രീജ, നസീല ബീഗം എന്നിവരും നടത്തിയ മിന്നൽ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 341 കിലോ പുഴുക്കലരിയും 91 പച്ചരിയും കൂടുതലായി കണ്ടെത്തി. തുടർന്നാണ് കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഈ കടയിലെ കാർഡുടമകൾക്ക് സമീപത്തെ 209 റേഷൻ കടയിൽ നിന്ന് റേഷൻ സാധനങ്ങളും കിറ്റും ലഭ്യമാക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായി സപ്ലൈ ഓഫീസർ അറിയിച്ചു.