പരവൂരിലെയും മയ്യനാട്ടെയും 255 ഫ്ളാറ്റുകൾ കൈമാറും
കൊല്ലം: ജില്ലയിലെ ആൾത്താമസമില്ലാത്ത സുനാമി ഫ്ലാറ്റുകൾ ലൈഫ് പദ്ധതിയിലേക്ക് മാറ്റുന്നു. പരവൂർ കല്ലുകടവ്, മയ്യനാട് കുറ്റിക്കാട് എന്നീ സുനാമി ഫ്ലാറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂരഹിതരും ഭവനരഹിതരുമായവർക്ക് നൽകുന്നത്.
പരവൂർ കല്ലുകടവിലെ സുനാമി ഫ്ലാറ്റ് സമുച്ചയത്തിൽ 203 ഫ്ലാറ്റുകളാണുള്ളത്. ഈ ഫ്ലാറ്റുകൾ ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ല. കുറ്റിക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ 80 ഫ്ലാറ്റുകളിൽ 28 എണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. ശേഷിക്കുന്നവയാകും ലൈഫ് പദ്ധതിയിലേക്ക് മാറ്റുക.
ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. കെട്ടിടത്തിന്റെ കേടുപാട് പരിഹരിക്കൽ, കക്കൂസ് മാലിന്യ സംഭരണ ടാങ്ക്, കുടിവെള്ള സംവിധാനം എന്നിവയാണ് പുതുതായി ഒരുക്കുക. ഇതിനുള്ള തുക ഉടൻ തന്നെ സർക്കാർ അനുവദിക്കും. കല്ലുകടവിലെ ഫ്ലാറ്റുകളുടെ നവീകരണ ചുമതല ഹൗസിംഗ് ബോർഡിനും കുറ്റിക്കാടിലേത് നിർമ്മിതി കേന്ദ്രത്തിനുമാണ്.
അനധികൃത താമസക്കാരെ ഒഴിപ്പിക്കും
സുനാമി ഫ്ലാറ്റുകളിലെ അനധികൃത താമസക്കാരെ ഉടൻ തന്നെ ഒഴിപ്പിക്കും. ഈ ഫ്ലാറ്റുകൾ തിരിച്ചെടുത്ത് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകാനും ആലോചനയുണ്ട്. യഥാർത്ഥ ഉടമസ്ഥരിൽ പലരും ഇപ്പോൾ ഫ്ലാറ്റുകൾ മറ്റ് പലർക്കും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ഇത്തരം വാടകക്കാരെ ഒഴിപ്പിച്ചെങ്കിലും വീണ്ടും പഴയപടിയായി.
അടുത്തിടെ വില്ലേജ് ഓഫീസർമാർ സുനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റുകൾ ചിലർ വിലയ്ക്ക് വിറ്റതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഭവനരഹിതർക്ക് നൽകുന്നത്: 255 ഫ്ലാറ്റുകൾ
പരവൂർ കല്ലുകടവിൽ: 203 ഫ്ലാറ്റുകൾ
മയ്യനാട് കുറ്റിക്കാടിൽ: 52 ഫ്ളാറ്റുകൾ