song

കൊല്ലം: ജീവിതവും എഴുത്തും തമ്മിലുള്ള അതിർവരമ്പുകൾ തേച്ചുമായ്ച്ചുകൊണ്ട് നമുക്കിടയിലൂടെ കടന്നുപോയ കവി എ.അയ്യപ്പന്റെ മനസിലൂടെയാണ് എഴുകോൺ സന്തോഷിന്റെ കാവ്യസഞ്ചാരം. അയ്യപ്പന്റെ കവിതകൾ വായിച്ചാണ് കവിതകളെഴുതാൻ തുടങ്ങിയത്. നൂറിലധികം കവിതകൾ എഴുതിയപ്പോഴും വരികളിൽ ഇടയ്ക്കെല്ലാം അയ്യപ്പന്റെ ജീവിതവും ചിന്തകളും പങ്കുചേർന്നു. സങ്കടങ്ങൾ ഉലയിൽ ഊതിയുണർത്തിയപ്പോൾ തീ തിന്നുവളർന്ന ജീവിതമായിരുന്നു അയ്യപ്പന്റേത്. ആകാശത്തിന് ചുവട്ടിൽ അനാഥനും ഏകാകിയുമായുള്ളൊരു കൗമാരക്കാരന്റെ ഒറ്റയാൾ ജീവിതത്തിൽ നിന്നും തുടങ്ങി, ബോധിത്തണുപ്പിൽ നീലവെളിച്ചം തളർന്നുറങ്ങുന്ന രാവുകളിൽ ഒരിക്കലും നടന്നുതീർന്നിട്ടില്ലാത്ത നാട്ടിടവഴികളൂടെ അയ്യപ്പൻ സഞ്ചരിച്ചപ്പോഴെല്ലാം മലയാളത്തിന് ലഭിച്ചത് കാച്ചിക്കുറുക്കിയ ഈടുറ്റ കവിതകളാണ്.

തന്റെ ശവപ്പെട്ടി ചുമക്കുന്നവരോടുപോലും രഹസ്യം പറഞ്ഞ കവിതയുടെ ഹൃദയത്തിലൂടെ സഞ്ചരിച്ചതുകൊണ്ടാകണം എഴുകോൺ സന്തോഷ് പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന തന്റെ ആദ്യ കവിതാ സമാഹാരത്തിനും 'ഒസ്യത്തിൽ ഇല്ലാത്ത പൂവ്' എന്ന പേരിട്ടത്. ഉയിരുടഞ്ഞുപാടുന്ന ഇതിലെ കവിതകൾക്ക് അയ്യപ്പൻ കവിതകളുടെ ഛായയുണ്ട്. കവി കുരീപ്പുഴ ശ്രീകുമാറിന്റെ അവതാരികയോടെ തയ്യാറാക്കിയ പുസ്തകം ലോക്ക് ഡൗണിൽ കുടുങ്ങിക്കിടന്നതാണ്.

ഇനി അത് പുറംകാഴ്ചകാണാനെത്തും. പൊതുപ്രവർത്തനത്തിന്റെ ഇടവേളകളിലാണ് സന്തോഷിന്റെ കാവ്യസഞ്ചാരം. എഴുകോൺ എസ്.എൻ.സംസ്കൃത വിദ്യാപീഠത്തിൽ സാഹിത്യ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് വർത്തമാന പത്രങ്ങളുടെ കാമ്പസ് പംക്തികളിലേക്ക് കവിതകൾ എഴുതി അയച്ചത്. മിക്കവയും പ്രസിദ്ധീകരിച്ചുവന്നു. കുട്ടികളുടെ കേളികൊട്ടിലൂടെ കവി വിശ്വൻ കുടിക്കോടുമായി ചേർന്ന് എ.അയ്യപ്പന്റെ അനുസ്മരണ പരിപാടികൾ നിരന്തരം സംഘടിപ്പിച്ചു. കാവ്യരംഗത്തെ ഗൗരവത്തോടെ സമീപിക്കാൻ അതൊരു കാരണവുമായി. അയ്യപ്പൻ കവിതകൾ ത്രസിപ്പിച്ച യുവലോകത്തിന്റെ പ്രതിനിധിയെന്ന് പലരും സന്തോഷിനെ വിശേഷിപ്പിക്കുകയും ചെയ്തു. ഫേസ് ബുക്കിലൂടെ കവിതകൾ എഴുതിക്കൂട്ടിയപ്പോൾ സുഹൃത്തുക്കൾ അതിന് സംഗീതരൂപം നൽകി. അഞ്ച് കവിതകൾ യൂട്യൂബിൽ റിലീസ് ചെയ്തു.

പ്രണയവും സ്ത്രീയും പൂവും അയ്യപ്പൻ കവിതകളിൽ ആവർത്തിച്ചുവരാറുണ്ട്. നിലവിലുള്ള പ്രണയ സങ്കല്പങ്ങളിൽ നിന്നും വഴിമാറി നടത്തമാണ് ആ കവിതകളിൽ കാണാനാവുക. സന്തോഷും ഒരു പക്ഷേ, ഇതേ ലൈൻ പിൻതുടർന്നുവെന്ന് വായനക്കാർക്ക് തോന്നും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എംപ്ളോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറി തുടങ്ങി കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ സന്തോഷിന്റെ കവിതാ ജീവിതത്തിന് ഭാര്യ രമ്യയും മക്കൾ ശ്രേയാംസും സൗരിഷും പൂർണ പിന്തുണ നൽകുന്നുണ്ട്.