പുത്തൂർ : കൊവിഡ് കാലമായിട്ടും പുത്തൂർ മത്സ്യച്ചന്തയിൽ മലിനജലം കെട്ടിക്കിടക്കുന്നു. ചന്തയ്ക്കുള്ളിൽ മലിന ജലം ശേഖരിക്കാനും സുരക്ഷിതമായി നീക്കം ചെയ്യാനും സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിട്ടുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്ന് നാട്ടുകാർ പറയുന്നു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം ചന്തയിലാകെ ഒഴുകുന്ന അവസ്ഥയാണ്. മഴക്കാലമായതിനാൽ ദുർഗന്ധം സഹിച്ച് മലിന ജലത്തിൽ ചവിട്ടിയാണ് കച്ചവടക്കാർ ഇരിക്കുന്നത്. വിപണന കേന്ദ്രത്തിന് മേൽക്കൂര സ്ഥാപിച്ചിരിക്കുന്ന ഷീറ്റ് തുരുമ്പിച്ച് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചന്തയുടെ വശങ്ങളിൽ പലയിടത്തും മാലിന്യക്കൂമ്പാരങ്ങൾ ദൃശ്യമാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ പോലും ഇവിടെയില്ല. മാലിന്യം മൂലം ചന്തയ്ക്കുള്ളിലേക്ക് കടക്കാൻ നാട്ടുകാർ മടിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.