bypass
ഇന്നലെ കടവൂർ ജംഗ്‌ഷന്‌ സമീപം മറിഞ്ഞ ചരക്ക് ലോറി. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു

 അശാസ്ത്രീയ നിർമ്മാണമെന്ന് യാത്രക്കാർ

അഞ്ചാലുംമൂട്: ബൈപാസിൽ കടവൂർ ഒറ്റക്കൽ ജംഗ്‌ഷനും നീരാവിൽ പാലത്തിനുമിടയിൽ വാഹനങ്ങൾ മറിയുന്നത് പതിവാകുന്നു. ചെറിയ ചാറ്റൽ മഴ കൂടിയുണ്ടെങ്കിൽ വാഹനങ്ങൾ തെന്നിമറിയുന്നതും ഇവിടെ നിത്യകാഴ്ചയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രണം വിട്ട് അപകടമുണ്ടാകുമ്പോൾ ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പലരുടെയും ജീവൻ നഷ്ടമാകാത്തത്.

വാഹനങ്ങൾ മറിയുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും നിർമ്മാണത്തിലെ അപാകതയാണെന്നാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടങ്ങൾ കൂടുതലും നടക്കുന്നത് മഴപെയ്ത് റോഡ് നനവിലായിരിക്കുമ്പോഴാണെന്നതും ശ്രദ്ധേയമാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ഗ്രിപ്പിംഗ് കിട്ടാത്തതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. എന്നാൽ ഈ ഭാഗത്ത് മാത്രം ഇത്തരത്തിൽ സംഭവിക്കുന്നത് എന്താണെന്നുള്ളത് അവ്യക്തമായി തുടരുകയാണ്.

അപകടത്തിന്റെ കാരണം ‌കണ്ടെത്തി പരിഹാരം കാണുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കുറഞ്ഞത് അപകടമേഖലയെന്ന സൂചനാഫലകമെങ്കിലും അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

 50 ഓളം അപകടങ്ങൾ

ബൈപാസ് നിർമ്മാണം പൂർത്തിയാക്കി ഒന്നരവർഷം പിന്നിടുമ്പോൾ അൻപതോളം വാഹനാപകടങ്ങളാണ് കടവൂരിന് സമീപം നടന്നത്.