കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ആദ്യത്തെ കൺമണിയെ കാണാൻ ചരക്കു ലോറിക്കടിയിലെ സ്റ്റെപ്പിനി ടയറിലിരുന്ന് കേരളത്തിലേക്ക് സാഹസികമായി കടന്ന യുവാവിനെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലാക്കി.
തമിഴ്നാട് കടയനല്ലൂർ സ്വദേശി എസ്. ഹരീഷിനെയാണ് (33) ഞായറാഴ്ച ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവർ അറിയാതെയാണ് ചെങ്കോട്ടയിൽ നിന്ന് ലോറിക്കടിയിൽ കയറിയത്. പരിശോധനകൾക്കുശേഷം ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടുപോയ ലോറിക്കടിയിലെ സ്റ്റെപ്പിനി ടയറിന് പുറത്തേക്ക് രണ്ടു കാലുകൾ കണ്ട പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന്
തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് ആളെ കണ്ടെത്തിയത്.
കൊല്ലം പരവൂരിലുള്ള ഭാര്യ പ്രസവിച്ച വിവരം അറിഞ്ഞ സന്തോഷത്തിൽ കുഞ്ഞിനെ കാണാനാണ് സാഹസികയാത്ര നടത്തിയതെന്ന് ഹരീഷ് പൊലീസിനോട് പറഞ്ഞെങ്കിലും പുനലൂരിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷമേ വീട്ടിലേക്കു പോകാനാകൂ.