ksrtc
ഇന്ന് മുതൽ ഓടിയെത്താൻ കൂടുതൽ ട്രാൻ. ബസുകൾ

 സർവീസ് അഞ്ച് കേന്ദ്രങ്ങളിൽ നിന്ന്

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ചതോടെ ജില്ലയിൽ ഇന്ന് മുതൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. കഴിഞ്ഞ വ്യാഴാഴ്ച സർവീസ് ആരംഭിച്ച നാല് കേന്ദ്രങ്ങൾക്ക് പുറമേ കൊല്ലം ഡിപ്പോയിൽ നിന്നും ഇന്ന് മുതൽ സർവീസ് നടത്തും.

കൊല്ലം ഡിപ്പോയിൽ നിന്ന് കരുനാഗപ്പള്ളി, കൊട്ടാരക്കര വഴി പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ഇന്ന് മുതൽ സർവീസ് ആരംഭിക്കുക. ഈ സ്ഥലങ്ങളിലേക്ക് ഒരു സർവീസ് ഉറപ്പായും ഉണ്ടാകും. യാത്രക്കാർ കൂടുതലുണ്ടെങ്കിൽ കൂടുതൽ സർവീസ് നടത്തും. കുറ‌ഞ്ഞത് 20 യാത്രക്കാരെങ്കിലും ഉണ്ടെങ്കിലേ ഒരു ബസ് അയയ്ക്കൂ. ഇതിനായി പത്ത് ബസുകൾ തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ സർവീസ് ആരംഭിച്ച കരുനാഗപ്പള്ളി, കൊട്ടാരക്കര, ആയൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർ കൂടുതലുണ്ടെങ്കിൽ അധിക സർവീസ് നടത്തും. ഫാസ്റ്റ് പാസ‌ഞ്ചർ ബസുകളാണ് സർവീസ് നടത്തുന്നത്. ഒരു ബസിൽ ഒരേസമയം 26 യാത്രക്കാരയേ കയറ്റുകയുള്ളൂ. സാമൂഹിക അകലം ഉറപ്പാക്കാൻ ഡബിൾ സീറ്റുകളിൽ ഒരാളെയും ത്രിബിൾ സീറ്റുകളിൽ രണ്ട് പേരെയുമേ ഇരിക്കാൻ അനുവദിക്കൂ. ഫാസ്റ്റിന് നിലവിലുള്ള സ്റ്റോപ്പുകളിലെല്ലാം നിറുത്തി ജീവനക്കാരെ കയറ്റിയിറക്കും. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താൻ ആലോചനയുണ്ട്.

കൂടുതലാളുകൾക്ക് കയറാം

ഇന്നലെ വരെ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ബസിൽ പ്രവേശനം ഉണ്ടായിരുന്നത്. ഇന്ന് മുതൽ അർദ്ധസർക്കാർ, പൊതുമേഖല, ബാങ്ക്, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർക്കും ബസുകളിൽ കയറാം. യഥാർത്ഥ നിരക്കിന്റെ ഇരട്ടിത്തുക പ്രത്യേക സർവീസിൽ ടിക്കറ്റ് ചാർജായി നൽകണം. കളക്ടറേറ്റിൽ 9.45ന് എത്താൻ കഴിയുന്ന തരത്തിൽ നിശ്ചിത ഇടവേളകളിലാണ് കരുനാഗപ്പള്ളി, ആയൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുക. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് മറ്റ് സ്ഥലങ്ങളിലെ ജോലി സ്ഥലങ്ങളിൽ എത്താൻ വേണ്ടിയാണ് കൊല്ലം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്. വൈകിട്ട് 5.15 മുതൽ തിരിച്ച് സർവീസ് ഉണ്ടാകും.

............................

കരുനാഗപ്പള്ളി

സർവീസുകൾ: 3

രാവിലെ 8.15, 8.30, 8.45

കൊട്ടാരക്കര

സർവീസുകൾ:3

 രണ്ടെണ്ണം കരിക്കോട് വഴി

 ഒരെണ്ണം അഞ്ചാലുംമൂട് റൂട്ടിൽ

രാവിലെ 8.30, 8.45

ആയൂർ

സർവീസ്:1

പൂയപ്പള്ളി കണ്ണനല്ലൂർ, അയത്തിൽ വഴി

രാവിലെ 8.45ന്

പാരിപ്പള്ളി

സർവീസുകൾ: 2

രാവിലെ 8.50, 9

മൂന്ന് ബസുകൾ

രാവിലെ

കൊല്ലം ഡിപ്പോ

കരുനാഗപ്പള്ളിയിലേക്ക്: 9ന്

പാരിപ്പള്ളിയിലേക്ക്: 9ന്

കൊട്ടാരക്കര വഴി പുനലൂരിലേക്ക്: 8.30ന്

............................

സ്പെഷ്യൽ സർവീസ് കടുത്ത നഷ്ടം

രണ്ട് ദിവസങ്ങളായി നടത്തിയ ഒൻപത് സർവീസുകൾ കടുത്ത നഷ്ടമാണ്. ശരാശരി 18 യാത്രക്കാർ മാത്രമാണുള്ളത്. 1800 നും 2000ത്തിനുമിടയിലാണ് ശരാശരി വരുമാനം. ജീവനക്കാരുടെ ശമ്പളവും ഡീസലും സഹിതം കുറഞ്ഞത് 7000 രൂപയാണ് ചെലവ്.

ഒരു സർവീസ്

വരുമാനം: 1,800 - 2,000 രൂപ

ചെലവ്: 7,000 രൂപ

ഉൾക്കൊള്ളാവുന്ന യാത്രക്കാർ: 26

സർവീസ് നടത്താൻ: 20 പേർ