കൊല്ലം: ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ പട്ടിണി സമരം സംഘടിപ്പിച്ചു. മൂന്ന് മാസം പഴക്കമുള്ളതും ജനങ്ങൾ തിരസ്കരിച്ചതുമായ 40 രൂപ മുഖവിലയുള്ള ലോട്ടറി ടിക്കറ്റുകൾ തിരിച്ചെടുക്കുക, 30 രൂപ മുഖവിലയുള്ള പുതിയ ടിക്കറ്റുകൾ അച്ചടിച്ചിറക്കുക, 5000 രൂപ തൊഴിലാളികൾക്ക് ധനസഹായമായി അനുവദിക്കുക, കൊവിഡാനന്തര ലോട്ടറി വ്യവസായത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പള്ളിമുക്ക് എച്ച്. താജുദ്ദീൻ, ഐ.എൻ.ടി.യു.സി സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം ഗോപൻ കുറ്റിച്ചിറ, എസ്. ശിഹാബുദ്ദീൻ, മുനീർ ബാനു, സുജാ ഷാഹുൽ തുടങ്ങിയവർ പങ്കെടുത്തു.