കാറ്റിൽ വ്യാപക നാശം
കൊല്ലം: ഇന്നലെ പുലർച്ചെ മുതൽ രാവേറും വരെ ജില്ലയിലെങ്ങും കനത്ത മഴ ലഭിച്ചു. മഴയ്ക്കൊപ്പം വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വിവിധ ഭാഗങ്ങളിൽ വീടുകളും വ്യാപാര കേന്ദ്രങ്ങളും തകർന്നു. കിഴക്കൻ മേഖലയിലുൾപ്പെടെ മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ നശിച്ച് കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ടായി.
ദേശീയ - സംസ്ഥാന പാതകളിലേക്ക് മരങ്ങൾ വീണത് ജില്ലയിലെ ഗതാഗതത്തെയും ബാധിച്ചു. കൊല്ലം കാക്കത്തോപ്പ് തീരത്ത് ഉൾപ്പെടെ മഴയ്ക്കൊപ്പം കടലാക്രമണവും ശക്തമാണ്. കൊല്ലം - കണ്ണനല്ലൂർ റോഡിൽ മുഖത്തല ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നിരുന്ന ആൽമരം ഒടിഞ്ഞുവീണ് പെട്ടിക്കടയും ബസ് സ്റ്റോപ്പ് കേന്ദ്രവും വൈദ്യുതി ലൈനുകളും തകർന്നു. റോഡിൽ ആളില്ലാതിരുന്നതിൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ് എത്തി മരം മുറിച്ച ശേഷമാണ് സംസ്ഥാന പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ചവറ പരിമണത്ത് പുളിമരം ഒടിഞ്ഞുവീണ് ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചവറയിൽ നിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൊല്ലം, ചവറ, നീണ്ടകര, മകുന്ദപുരം, കരുനാഗപ്പള്ളി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴയിലും കാറ്റിലും നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമായി വന്നാൽ അതിനുള്ള സൗകര്യങ്ങൾ റവന്യൂ വകുപ്പ് സജ്ജമാക്കുകയാണ്.
ഓടിക്കൊണ്ടിരുന്ന കാറിന്
മുകളിലേക്ക് മരം വീണു
മഴയത്ത് ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി. കാറിലെ മൂന്ന് യാത്രക്കാരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ചവറ പുത്തൻതുറ ആൽത്തറമൂട് ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരച്ചില്ലകൾ മുറിച്ചുനീക്കി. ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
കലിയടങ്ങാതെ കടൽ കരയിലേക്ക്
തുടർച്ചയായ മഴയിൽ കൊല്ലം തീരത്ത് കടലാക്രമണം ശക്തമായി. മുണ്ടയ്ക്കൽ, കാക്കത്തോപ്പ്, താന്നി എന്നിവിടങ്ങളിൽ തീരദേശറോഡും കടൽഭിത്തികളും കടലെടുത്ത സ്ഥിതിയാണ്. തീരദേശത്തെ ജനങ്ങൾ ഭയത്തോടെയാണ് ഓരോ നിമിഷവും കഴിയുന്നത്. കടൽക്ഷോഭം കനത്തതോടെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണങ്ങളുണ്ട്. കാലവർഷം കനക്കുന്നതോടെ തീരമേഖല കൂടുതൽ ദുരിതത്തിലാകാനാണ് സാദ്ധ്യത.