ലോക്ക് ഡൗണിനിടെ പാചകത്തിൽ മികവ് തെളിയിക്കുകയാണ് കാളിദാസ് ജയറാം. പൊറോട്ട അടിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ മീൻ വറുക്കുന്ന വീഡിയോയുമായാണ് ഇത്തവണ കാളിദാസിന്റെ വരവ്. ലോക്ക്ഡൗൺ നാളുകളിൽ താൻ പാചകത്തിൽ കൈവെച്ചു കഴിഞ്ഞു എന്ന് നേരത്തെ ഇട്ട ഒരു പോസ്റ്റിലൂടെ തന്നെ കാളിദാസ് ജയറാം വ്യക്തമാക്കിയിരുന്നു. തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടി കിടിലന്‍ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള മീന്‍ വറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മസാല ഇട്ടുള്ള വറുത്തു കോരൽ വീടിന് പുറമേ ആണെങ്കിലും ബാക്കി അലങ്കാരപ്പണികളൊക്കെ വീടിനുള്ളിലാണ്. ഉള്ളിയും തക്കാളിയും മല്ലിയിലയും കൊണ്ട് ഭംഗിയായി അലങ്കരിച്ച് വാഴയിലയില്‍ പൊതിഞ്ഞാണ് വിളമ്പല്‍.
"അയ്യോ നമ്മുടെ മധു ചേട്ടനല്ലേ ഇത്" എന്ന കമന്റുമായാണ് നടൻ ഗണപതി എത്തിയിരിക്കുന്നത്. "കണ്ണാ. മോനെ. മീൻ പൊടിഞ്ഞു പോയല്ലോ.! മസാല ശരിക്കും. അല്പനേരം ഫ്രിഡ്ജിൽ വെക്കാമായിരുന്നില്ലേ., അടുത്ത പ്രാവശ്യം ശരിയാകും.." എന്നിങ്ങനെ നിർദേശങ്ങളും ആരാധകർ നൽകുന്നുണ്ട്.