kanchav

കൊല്ലം: അടുക്കളത്തോട്ടത്തിൽ ചീരക്കൃഷിയുടെ മറവിൽ നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി. കണ്ണനല്ലൂർ പാങ്കൊണം ചേരിയിൽ സുരേഷിന്റെ പണയിൽ വീട്ടിലാണ് കഞ്ചാവ് കൃഷി നടത്തിയത്.

മൂന്നാഴ്‍ച മുമ്പ് സുരേഷും സുഹൃത്ത് പക്രു എന്ന വിഷ്ണുവും ചേർന്ന് പാങ്കോണം അങ്കണവാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നട്ടു പരിപാലിച്ചിരുന്ന നീലച്ചടയൻ ഇനത്തിൽപെട്ട 12 കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. എക്സൈസ് സംഘം എത്തുമ്പോൾ സുരേഷും വിഷ്ണുവും ഓടി രക്ഷപ്പെട്ടതിനാൽ പിടിക്കൂടാനായില്ല. ഒളിവിൽ പോയ സുരേഷ് രാത്രിയിൽ വീടിലെത്തുന്നുവെന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ പിടികൂടാനായി വീടും പരിസരവും പരിശോധിക്കുന്നതിനിടയിലാണ് അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 30 സെന്റി മീറ്ററോളം പോക്കമുണ്ട്. സി.ഐ, ഇൻസ്പെക്ടർ ടി. രാജീവ്, പി.ഒ. ശ്യം കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ, മനു, ശരത്ത്, ഗോപകുമാർ, ക്രിസ്റ്റീൻ, ശാലിനി ശശി, നിധിൻ എന്നിവരാണ് പരിശോധന നടത്തിയത്.