covid
ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവ്

ചാത്തന്നൂർ: കല്ലുവാതുക്കലിൽ കൊവിഡ് സ്ഥിരീകരിച്ച ബ്ളോക്ക് പഞ്ചായത്ത് അംഗമായ ആശാവർക്കറുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആദ്യം പരിശോധന നടത്തിയ 29 പേരുടെ ഫലമാണ് നെഗറ്റീവായത്. ഇവർ സമ്പർക്കം പുലർത്തിയ 150 ൽ പകുതിയിലധികം പേരുടെയും സാമ്പിളെടുത്തു. ഇനി 58 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.

അടച്ച കല്ലുവാതുക്കൽ കുടുംബാരോഗ്യകേന്ദ്രം അണുവിമുക്തമാക്കിയ ശേഷം ഇന്ന് മുതൽ ഒ.പി പ്രവർത്തനം ആരംഭിക്കും. പൂർണ തോതിലുള്ള പ്രവർത്തനം ഡി.എം.ഒ യുടെ നിർദ്ദേശ പ്രകാരം മാത്രമാകും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ ഗൃഹനിരീക്ഷണത്തിലാണ്. ഇതിനിടെ ആരോഗ്യപ്രവർത്തക സന്ദർശിച്ച വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവച്ച് അണുനശീകരണം നടത്തി. ഇവിടങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും നിരീക്ഷണത്തിലാണ്. സംശയമുള്ളവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.