പാലക്കാടനോട് മുഖം തിരിച്ച് കുടിയന്മാർ
കൊല്ലം: നീണ്ട കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കള്ള് ഷാപ്പുകളിൽ ലഹരി നുരയാൻ തുടങ്ങിയെങ്കിലും കുടിയന്മാരിൽ മുക്കാലും തിരിഞ്ഞുപോലും നോക്കുന്നില്ല. ജില്ലയിൽ 18 കള്ള് ഷാപ്പുകളാണ് തുറന്നത്. ഇതിൽ 15എണ്ണം കരുനാഗപ്പള്ളിയിലും മൂന്നെണ്ണം ശാസ്താംകോട്ട റേഞ്ചിലുമാണ്. പാലക്കാടൻ കള്ളാണ് ഇവിടങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ലൈസൻസ് കിട്ടിയിട്ടുള്ള മറ്റ് കള്ള് ഷാപ്പുകൾ ചാത്തന്നൂരും കൊട്ടാരക്കരയുമാണ്. ഇവിടുത്തെ ലൈസൻസികൾ പാലക്കാടൻ കള്ള് എത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും തുടങ്ങിയിട്ടില്ല. നാടനടിച്ച് ശീലിച്ചവർ പാലക്കാടൻ കള്ളിനോട് മുഖം തിരിച്ചിരിക്കുന്നതിനാൽ ഷാപ്പുകളിൽ കള്ള് വാങ്ങാനും കാര്യമായ തിരക്കില്ല. 100-120 ലിറ്റർ കള്ളാണ് പരമാവധി ഒരു ഷാപ്പിന് ലഭിക്കുക. തിരക്കില്ലാത്തതിനാൽ സാമൂഹിക അകലം പാലിച്ച് കുറച്ചുപേർ മാത്രമാണ് കള്ളുവാങ്ങാനെത്തുന്നത്.
സൊറ പറഞ്ഞ് ടച്ചിംഗിൽ തൊട്ടുനക്കി ഷാപ്പിലിരുന്ന് കുടിക്കാൻ കഴിയാത്തതും കുടിയന്മാരെ അകറ്റുന്നതിന് കാരണമായി. മാത്രമല്ല, കള്ള് വാങ്ങാൻ പാത്രം കൊണ്ടുവരണമെന്ന നിബന്ധനയും തിരിച്ചടിയായിട്ടുണ്ട്.
പാലക്കാടനെ സംശയിക്കേണ്ട
നിലവിൽ പാലക്കാടൻ കള്ളിൽ സ്പിരിറ്റ് കലർന്നിട്ടുണ്ടോയെന്ന് അതിർത്തികളിൽ പരിശോധിക്കുന്നുണ്ട്. ആൽക്കലോ മീറ്ററാണ് ഇതിനായി ഉപയോഗിക്കുന്നത്. വിശദ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കും അയയ്കുന്നുണ്ട്. മാത്രമല്ല, തുറന്ന ഷാപ്പുകളിൽ എക്‌സൈസും പൊലീസും ഇടയ്ക്കിടെ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
കള്ള്
വില ഒരു ലിറ്റർ: 100 - 120 രൂപ
ഒരു ഷാപ്പിന് ലഭിക്കുന്നത്: 100- 120 ലിറ്റർ
കൈവശം വയ്ക്കാവുന്നത്: 1.5 ലിറ്റർ
ഷാപ്പ്
ജില്ലയിൽ: 233
ജില്ലയിൽ തുറന്നത്: 18
കരുനാഗപ്പള്ളി: 15
ശാസ്താംകോട്ട: 3
''
ആഹാരവും ഷാപ്പ് കറികളും വിൽക്കാൻ കഴിയാത്തത് പ്രതിസന്ധിയാണ്. ഇതിന് അനുവാദം ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകൂ.
റജി, ഷാപ്പ് ലൈസൻസി
''
കള്ളുഷാപ്പിൽ എത്തുന്നവരിൽ ഭുരിഭാഗവും കൂലിപ്പണിക്കാരാണ്. ജോലിയില്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് കുടിയന്മാരെ അകറ്റിയത്.
മദ്യസ്നേഹി
''
പാലക്കാടൻ കള്ളിന് നാടനെ അപേക്ഷിച്ച് പ്രത്യേക മണവും രുചിയുമുണ്ട്. ഇത് സാധാരണ കുടിയന്മാർക്ക് ഇഷ്ടമല്ല. തിരക്കില്ലാത്തത് ഇതിനാലാകാം.
എക്‌സൈസ് ഉദ്യോഗസ്ഥർ