photo
ബാഷാ സതീഷ്

കൊല്ലം: 'ബാഷ' കാണാൻ പോയതാണ് സതീഷ്. മടങ്ങിവന്നപ്പോഴേക്കും രജനികാന്തിന്റെ ബാഷ എന്ന കഥാപാത്രം സതീഷിനെ അടിമുടി ബാധിച്ചിരുന്നു. പിന്നെ, വൈകിയില്ല. കൂലിപ്പണി മതിയാക്കി ബാഷയെപ്പോലെ ആട്ടോ ഡ്രൈവറായി.

തലമുടിയടക്കം രജനി സ്റ്റൈലിലായതോടെ ആട്ടോ സ്റ്റാൻഡിൽ പേര് വീണു 'ബാഷ സതീഷ് '. ആട്ടോ സവാരിക്കാരെയും സ്റ്റൈൽ കാട്ടി രസിപ്പിക്കും. രജിത ജീവിത സഖിയായതും സതീഷിന്റെ സ്റ്റൈൽ ഇഷ്ടപ്പെട്ടുതന്നെ. ഏക മകന്റെ പേരും രജനീഷ്.

കൊട്ടാരക്കര പള്ളിക്കൽ കൊച്ചുവിള വീട്ടിൽ എൻ.സതീഷ് (46) കൊട്ടാരക്കര പുലമൺ കവലയിലെ ആട്ടോ ഡ്രൈവറാണ്. രജനിയുമായി രൂപസാമ്യം. രജനി സ്റ്റൈലിൽ വേഷവും നടപ്പും. 1995 ൽ കൊട്ടാരക്കരയിലെ തിയേറ്ററിലാണ് 'ബാഷ' കണ്ടത്. രജനിയുടെ സിനിമകൾ റിലീസാകുന്ന ദിവസം തന്നെ കാണും. ദിവസവും രജനിയുടെ ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. അതിന് മൊബൈലിലെങ്കിലും തരപ്പെട്ടില്ലെങ്കിൽ രണ്ട് ഡയലോഗെങ്കിലും കേൾക്കും.

രജനികാന്തിന്റെ വേഷത്തിൽ സ്റ്റേജ് ഷോകളിലും പങ്കെടുക്കാൻ അവസരങ്ങൾവന്നു. ബാഷ സതീഷ് എന്ന് പറഞ്ഞാലേ ഇപ്പോൾ ആൾക്കാർ അറിയൂ. ലോക്ക് ഡൗൺ ആയതോടെ പട്ടിണിയുടെ നോവറിഞ്ഞു. ആട്ടോ ഓടിയാലേ അത് മാറുകയുള്ളൂ. കലാപ്രവർത്തനവും ഇപ്പോൾ മുടങ്ങിയതിന്റെ വേവലാതിയിലാണ് സതീഷ്.

തമിഴ്നാട്ടിലും സ്റ്റൈൽമന്നൻ

തമിഴ്നാട്ടിൽ സ്റ്റേജ് ഷോകൾ നടത്തിയ സതീഷിന് അവിടെയും ആരാധകരുണ്ട്. രജനി സിനിമകളുടെ പാട്ടിനൊപ്പം ചുവടുവച്ചാണ് ആരാധകരെ കൈയിലെടുക്കുന്നത്. തമിഴിലും മലയാളത്തിലുമായി അഞ്ച് ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു.