കൊല്ലത്തുനിന്ന് ആദ്യ ട്രെയിൻ പശ്ചിമബംഗാളിലേക്ക്
കൊല്ലം: ഉംപുൻ ചുഴലിക്കാറ്റ് കാര്യമായ നാശം വിതച്ചില്ലെങ്കിൽ കൊല്ലത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി പശ്ചിമബംഗാളിലേക്ക് നോൺ സ്റ്റോപ്പ് ട്രെയിൻ 22ന് പുറപ്പെടും. 1,400 പേരെയാകും സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുക.
ഇന്നലെ മലപ്പുറത്ത് നിന്നും ഇന്ന് കോഴിക്കോട് നിന്നും പശ്ചിമ ബംഗാളിലേക്ക് പുറപ്പെടാനിരുന്ന ട്രെയിനുകൾ ഉംപുൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. അഥവാ റദ്ദാക്കിയാലും രണ്ട് ദിവസത്തിൽ കൂടുതൽ നീട്ടിവയ്ക്കില്ല. അടുത്തമാസം ഒന്നിനും പശ്ചിമബംഗാളിലേക്ക് കൊല്ലത്ത് നിന്ന് ട്രെയിൻ നിശ്ചയിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലേക്ക് പോകാനുള്ള ട്രെയിൻ പരിശോധനകൾ പൂർത്തിയാക്കി ഇന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തും.
തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 19,000 അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വകുപ്പ് നേരത്തെ നടത്തിയ കണക്കെടുപ്പിൽ ഇതിൽ പതിനായിരത്തോളം പേർ സ്വന്തം നാട്ടിലേക്ക് പോകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിലേറെയും പശ്ചിമ ബംഗാളുകാരാണ്. അതു കഴിഞ്ഞാൽ കൂടുതൽ അസാമുകാരാണ്. ട്രെയിനിന്റെ കാര്യത്തിൽ മാറ്റമില്ലെങ്കിൽ ഇന്ന് വൈദ്യ പരിശോധന നടക്കും. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ നാട്ടിലേക്ക് കൊണ്ടുപോകില്ല.
യാത്ര സൗജന്യം
പശ്ചിമബംഗാളിലേക്കുള്ളവർ സ്വന്തം നിലയിൽ ടിക്കറ്റ് എടുക്കേണ്ടെന്നാണ് നിലവിൽ തൊഴിൽ വകുപ്പിന് ലഭിച്ചിരിക്കുന്ന അറിയിപ്പ്. ഇവരെ ക്യാമ്പുകളിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുക കെ.എസ്.ആർ.ടി.സി ബസുകളിലാകും. ഇതിനായി 40 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ബസ് യാത്രയും സൗജന്യമാകും. പുറപ്പെടുമ്പോൾ ലഘുഭക്ഷണവും കുടിവെള്ളവും തൊഴിൽ വകുപ്പ് സൗജന്യമായി നൽകിയേക്കും.
ആദ്യസർവീസ്: 22ന്
അടുത്ത ട്രെയിൻ: ജൂൺ 1ന്
ആദ്യം കൊണ്ടുപോകുന്നത്: 1,400പേരെ
ജില്ലയിൽ അന്യസംസ്ഥാനക്കാർ: 19,000
നാട്ടിലേക്ക് പോകുന്നവർ: 10,000
''
നേരത്തെ പോകാൻ താല്പര്യം അറിയിച്ചവരിൽ ആദ്യ ട്രെയിനിൽ പോകാൻ സന്നദ്ധരായവരുടെ രജിസ്ട്രേഷൻ അസി. ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ലേബർ ഓഫീസർ