തഴവ: ട്രെയിൻ ഗതാഗതം പുനരാരംഭിച്ചെന്ന് തെറ്റിദ്ധരിച്ച് പശ്ചിമ ബംഗാളിലേക്ക് മടങ്ങാൻ കൂട്ടത്തോടെ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിന് തലവേദനയായി. തഴവ മുല്ലശേരിമുക്കിന് സമീപം പ്രവർത്തിക്കുന്ന ഇഷ്ടിക കമ്പനിയിലെ 25 ഓളം തൊഴിലാളികളാണ് ഇന്നലെ രാവിലെ മഴയെയും അവഗണിച്ച് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നുനീങ്ങിയത്. ദേശീയപാതയിൽ വവ്വാക്കാവ് ജംഗ്ഷനിൽ തൊഴിലാളികൾ എത്തിയ വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ അനുനയിപ്പിച്ച് താമസ സ്ഥലത്തേക്ക് മടക്കിയയച്ചു. കൊല്ലം വരെ കാൽനടയായി പോകാനും അവിടെ നിന്ന് ട്രെയിനിൽ പശ്ചിമ ബംഗാളിലേക്ക് മടങ്ങാനും ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു. ഭക്ഷണം ഉൾപ്പടെയുള്ളവയ്ക്ക് ബുദ്ധിമുട്ടില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.