school

 കുട്ടികളുടെ പ്രവേശന നടപടികൾ തുടങ്ങി

കൊല്ലം: സ്‌കൂളുകളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി രക്ഷിതാക്കളാണ് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം തേടിയെത്തിയത്. പ്രവേശനത്തിന് വിടുതൽ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലാത്ത ഒന്നാം ക്ലാസിലേക്കാണ് കൂടുതൽ പ്രവേശനവും നടന്നത്.

വിജയിച്ച കുട്ടികളുടെ പട്ടിക സ്‌കൂളുകളിൽ നിന്ന് വിദ്യാഭ്യാസ ഓഫീസുകളിൽ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കൊവിഡ് പശ്ചാലത്തിൽ പരീക്ഷ ഉപേക്ഷിച്ചതിനാൽ എല്ലാ കുട്ടികളെയും പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിജയിപ്പിക്കുകയായിരുന്നു. വിജയിച്ച കുട്ടികൾക്ക് സ്‌കൂളുകളിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നടപടികളും തുടങ്ങി. വിടുതൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തെ കുറിച്ച് വിശദമായ നിർദേശം വിദ്യാഭ്യാസ വകുപ്പ് വൈകാതെ നൽകും.

അൺ എയ്ഡഡ് സ്കൂളുകളിലും പ്രവേശന നടപടികൾ തുടങ്ങിയിട്ടുണ്ട്. സ്കൂളിലെത്താതെ ഓൺലൈനായി പ്രവേശനം നേടാൻ സൗകര്യമൊരുക്കിയ സ്കൂളുകളുമുണ്ട്. പല അൺ എയ്ഡഡ് സ്കൂളുകളും 9 മുതൽ 12 വരെ ക്ലാസുകളിലേക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിരുന്നു. ഇതേ മാതൃകയിൽ ഓൺലൈനായി വെക്കേഷൻ ക്ലാസുകൾ തുടങ്ങിയ പൊതുവിദ്യാലയങ്ങളുമുണ്ട്.

അറ്റകുറ്റപ്പണികൾ തുടങ്ങി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 26ന് ആരംഭിക്കുന്നതിനാൽ സ്‌കൂളുകളിൽ പരീക്ഷാ തയ്യാറെടുപ്പുകൾ നടക്കുകയാണ്. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും മിക്ക സ്‌കൂളുകളിലും തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

1. പ്രവേശന അപേക്ഷ നേരിട്ടോ ഓൺലൈനായോ നൽകാം

2. സ്കൂളിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

3. sampoorna.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്

4. രേഖകൾ ഹാജരാക്കാത്തവർക്കും താത്കാലിക പ്രവേശനം

5. ഇതിൽ അന്യസംസ്ഥാനം, വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടും

6. പൊതുവിദ്യാലയ പ്രവേശനത്തിന്റെ വിശദ നിർദേശം പിന്നീട്

7. ടി.സി നൽകുന്നതിന് നിലവിലെ സംവിധാനം തുടരും

''

സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ പ്രവേശന നടപടികൾ തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

ശാസ്താംകോട്ട