ആശങ്കയുടെ തീരത്ത് കടലോര ജനത
കൊല്ലം: പെരുമഴയ്ക്കൊപ്പം കടൽ ക്ഷോഭം ശക്തമായതോടെ തീരദേശ ജനതയുടെ ജീവിതം ദുരിത തിരമാലകൾക്കൊപ്പമാണ്. കൊല്ലം തീരത്ത് ഇരവിപുരം താന്നി മുതൽ പൊഴിക്കര മുക്കം വരെ ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുകയാണ്. തീരത്തെ കൂറ്റൻ കല്ലുകൾ കടലെടുത്തതിന് പിന്നാലെ തീരദേശപാത കൂടി കവർന്നേക്കുമെന്ന തരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. പുലിമുട്ടുകളുടെ അഭാവമാണ് തീരജനതയുടെ ജീവിതം കടലെടുക്കുമെന്ന ആശങ്കയിലെത്തിച്ചത്. താന്നി മുതൽ കാക്കത്തോപ്പ് വരെ 26 പുലിമുട്ടുകൾ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും 12 എണ്ണം മാത്രമാണ് പൂർത്തിയാക്കിയത്. 14 പുലിമുട്ടുകൾ കൂടി പൂർത്തിയായെങ്കിൽ മാത്രമേ കടൽക്ഷോഭം ഉണ്ടാകുന്ന സമയത്ത് ജനങ്ങൾക്ക് സ്വസ്ഥമായി തീരത്ത് തങ്ങാനാകൂ. മുൻ വർഷങ്ങളിലെ കടൽ ക്ഷോഭത്തിൽ തീരദേശ റോഡും എണ്ണമറ്റ വീടുകളും കടൽ കവർന്നിരുന്നു. എല്ലാ വർഷവും കാലവർഷത്തിനൊപ്പം കടൽ കലി തുള്ളുമെന്ന് അറിയാമെങ്കിലും തീരദേശത്തെ ജനങ്ങളുടെ ജീവിതത്തെ മാനിക്കാത്ത ഇടപെടലാണ് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കരുനാഗപ്പള്ളി ചെറിയഴീക്കൽ ഭാഗത്തും കടലാക്രമണം കഴിഞ്ഞ രണ്ട് ദിവസമായി ശക്തമാണ്.
പുലിമുട്ടുകൾ പൂർത്തിയാക്കണം
പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തിയാക്കിയാൽ കടൽക്ഷോഭത്തെ തടയാൻ കഴിയുമെന്ന തെളിവ് കൊല്ലം തീരത്ത് തന്നെയുണ്ട്. താന്നി ലക്ഷ്മിപുരം ബീച്ച് രൂപമെടുത്തത് പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തീകരിച്ച ശേഷമാണ്. പുലിമുട്ടുകൾക്ക് ഇടയിൽ അടിഞ്ഞുകൂടിയ മണൽതിട്ട സൗന്ദര്യമുള്ള ബീച്ചായി മാറി. ഇവിടെ കൂറ്റൻ തിരമാലകൾ അനുഭവപ്പെട്ടാലും തീരത്തേക്ക് വരാതെ പുലിമുട്ടുകൾ ചെറുക്കും. ഇതേ മാതൃക പക്ഷേ എല്ലായിടത്തും ഉണ്ടായില്ല.
പാറ അടുക്കിയാൽ പുലിമുട്ടാകില്ല
1. കാലവർഷത്തിനൊപ്പം ചെറിയ പാറകൾ തള്ളും
2. വൈകാതെ ചെറിയ പാറകൾ കടലെടുക്കും
3. ഇങ്ങനെ തള്ളിയ പാറകൾക്ക് കണക്കില്ല
4. പിന്നിൽ പോക്കറ്റ് നിറയ്ക്കുന്ന അഴിമതി
5. പുലിമുട്ടുകളുടെ നിർമ്മാണം വൈകുന്നു
''
പുലിമുട്ടുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണം. ഇല്ലെങ്കിൽ അധികം വൈകാതെ കൊല്ലം തീരത്തെ പല ഭാഗങ്ങളും കടലെടുക്കും.
പ്രസൂൺ, പ്രദേശവാസി