photo

കുണ്ടറ: ലോക്ക്‌ഡൗണിൽ ജോലിയില്ലാതായതോടെ കടംവാങ്ങിയ പണത്തിന്റെ പലിശപോലും നൽകാനാവാതെ പ്രതിസന്ധിയിലായ കൽപ്പണി മേസ്തിരി ജീവനൊടുക്കി. പുലിയില കിഴക്കേ പുതുവേലിൽ വീട്ടിൽ രാധാകൃഷ്ണനെയാണ് (കുട്ടപ്പൻ- 58) വീടിനുസമീപം റബർ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയും ഉണ്ടായിരുന്നു.

മകളുടെ വിവാഹാവശ്യത്തിന് വാങ്ങിയതടക്കം ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു രാധാകൃഷ്ണന്. ലോക്ക് ഡൗണായതോടെ പലിശ നൽകാനും കഴി‌ഞ്ഞിരുന്നില്ല. കടം നൽകിയവർ നിരന്തരം ഫോണിലൂടെയും നേരിട്ടും പണം ആവശ്യപ്പെട്ടിരുന്നതായി വീട്ടുകാർ പറയുന്നു. തിങ്കളാഴ്ചയും വീട്ടിലെത്തി ചിലർ പണം ആവശ്യപ്പെട്ടു.

കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ ഭാര്യ ലൈലയെ തിങ്കളാഴ്ച രാവിലെ രാധാകൃഷ്ണൻ ബൈക്കിൽ ഫാക്ടറിയിൽ കൊണ്ടാക്കിയിരുന്നു. ഉച്ചയ്ക്ക് രാധാകൃഷ്ണനെ പലപ്രാവശ്യം ലൈല ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. വൈകിട്ട് തിരികെ വിളിക്കാൻ എത്താതായതോടെ നടന്നാണ് വീട്ടിലെത്തിയത്. രാത്രി ഏറെ വൈകിയും എത്താതിരുന്നതിനാൽ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് വീടിനുസമീപമുള്ള റബർ തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കണ്ണനല്ലൂർ സി.ഐ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ചിപ്പി (പോണ്ടിച്ചേരി), രാഹുൽ രാധാകൃഷ്ണൻ (സിനിമ പ്രവർത്തകൻ). മരുമകൻ: സന്തോഷ് (പോണ്ടിച്ചേരി).