കൊട്ടാരക്കര: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചക്കുവരയ്ക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ വെട്ടിക്കവല കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന ജീവനി-സഞ്ജീവനി മാർക്കറ്റിന്റെ സമാപനം ക്ഷീര സംഘം അങ്കണത്തിൽ നടന്നു. മാർക്കറ്റിൽ നിന്നുള്ള ലാഭമായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്ക് കൈമാറി. തിരഞ്ഞെടുക്കപ്പെട്ട 4 കർഷകർക്ക് കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. കാർഷിക ഉത്പന്നങ്ങളുടെ ചില്ലറ വില്പനശാലയുടെ പ്രവർത്തനം എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മുതൽ നടക്കും. മാർക്കറ്റ് ചെയർമാനും വാർഡ് മെമ്പറുമായ ജെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പറും കൺവീനറുമായ അഡ്വ. ഷൈൻ പ്രഭ സ്വാഗതം പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് അസി. ഡയറക്ടർ അജിത്കുമാർ, അസി. കൃഷി ഒാഫീസർ സിന്ധു എന്നിവർ പങ്കെടുത്തു.