നാളെ രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും
ചാത്തന്നൂർ: നെടുങ്ങോലം ഗവ. താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഡയാലിസിസ് യൂണിറ്റ് നാളെ രാവിലെ 11ന് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിക്കുമെന്ന് ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
2013ൽ ജി.എസ്. ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ആരോഗ്യരക്ഷ ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായാണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുള്ള നടപടി തുടങ്ങിയത്. 2015ൽ ആരോഗ്യവകുപ്പ് ഭരണാനുമതി നൽകി. 3.60 കോടി രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. ഇതിന് പുറമെ വൈദ്യുതീകരണം പൂർത്തീകരിക്കാനായി എം.എൽ.എ ഫണ്ടിൽ നിന്ന് 1.75 ലക്ഷം രൂപയും മറ്റ് അനുബന്ധ സജ്ജീകരണങ്ങൾക്കായി 20 ലക്ഷം രൂപ പരവൂർ നഗരസഭയും വിനിയോഗിച്ചതായി ജി.എസ്. ജയലാൽ എം.എൽ.എ അറിയിച്ചു.
ആരംഭത്തിൽ പ്രവർത്തനം ഒരു ഷിഫ്ടിൽ
നിലവിൽ ഒരു ഷിഫ്ടിൽ ആയിരിക്കും ഡയാലിസിസ് ആരംഭിക്കുക. തുടർന്ന് മൂന്ന് ഷിഫ്ടുകളായി വർദ്ധിപ്പിക്കും. അതോടെ ദിനംപ്രതി നൂറിലധികം പേർക്ക് ഇവിടെ ഡയാലിസിസ് നടത്തുവാൻ കഴിയും.