photo
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുന്നിൽ ജീവനക്കാരി കുത്തിയിരിപ്പ് സമരം നടത്തുന്നു

കുണ്ടറ: വൈകിയെത്തിയെന്ന കാരണത്താൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുന്നിൽ ജീവനക്കാരി കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ കുണ്ടറയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് സംഭവം.

'തൊഴിൽ തിരിച്ചു തരൂ, പിരിച്ചുവിടൽ അവസാനിപ്പിക്കൂ' എന്നെഴുതിയ പ്ളക്കാർഡുമായെത്തിയ കുമ്പളം സ്വദേശിനിയായ ജീവനക്കാരി പമ്പിന് മുന്നിൽ കുത്തിയിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ബന്ധുവിന്റെ ബൈക്കിലാണ് ജോലിക്ക് വന്നിരുന്നത്. ഒരു ദിവസം വരാൻ വൈകിയതോടെ ഇനി മുതൽ വരേണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധി അറിയിക്കുകയായിരുന്നു. അഞ്ച് വർഷമായി ഈ പമ്പിലെ ജീവനക്കാരിയാണ്. ഇടയ്ക്ക് വിദേശത്ത് പോയെങ്കിലും പമ്പ് ഉടമയുടെ ആവശ്യപ്രകാരം തിരികെയെത്തി ജോലിയിൽ പ്രവേശിച്ചെന്നും ജീവനക്കാരി പറയുന്നു.

ജീവനക്കാരിക്ക് പിന്തുണയുമായി ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരും സ്ഥലത്തെത്തിയതിനെ തുടർന്ന് കുണ്ടറ എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ ലേബർ ഓഫീസറും സ്ഥാപന അധികൃതരുമായും ചർച്ച നടത്തി. നാളെ മുതൽ ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ സമ്മതിച്ചതിനെ തുടർന്നാണ് ജീവനക്കാരി സമരം അവസാനിപ്പിച്ചത്.