ഫ്രാന്‍സിലെ ജനങ്ങളോട് ഇപ്പോള്‍ കൂടുതല്‍ ചീസ് കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അവിടത്തെ ഡയറി വ്യവസായം. അതിനായി ഫ്രോമാഗിസണ്‍സ് എന്ന കാമ്പയിനിംഗും തുടങ്ങിക്കഴിഞ്ഞു. ലെറ്റ്‌സ് ആക്ട് ഫോര്‍ ചീസ് എന്നാണ് ഫ്രോമാഗിസണ്‍സ് എന്ന വാക്കിനര്‍ത്ഥം. പരമ്പരാഗത ചീസ് നിര്‍മ്മാതാക്കളെ സഹായിക്കാനാണ് ഈ കാമ്പയിനിംഗ് തുടങ്ങിയിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് മറ്റ് വ്യവസായങ്ങളെപ്പോലെ തന്നെ താറുമാറായ വ്യവസായമാണ് ഡയറി വ്യവസായം. വൻ നഷ്ടമാണ് കണക്കാക്കുന്നത്. ഇതില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ പുതിയ കാമ്പയിൻ തുടങ്ങിയത്. ആള്‍ക്കാരെ ചീസ് കൂടുതലായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ എല്ലാ തരം മാര്‍ക്കറ്റുകളും റസ്റ്റാറന്റുകളും കഫെകളും അടച്ചതോടെ ചീസിന്റെ വില്‍പ്പനയും ഇല്ലാതെയായി. ഫ്രാന്‍സില്‍ ചീസ് വില്‍പ്പന അറുപത് ശതമാനത്തോളം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്.
ഫ്രാന്‍സില്‍ ആള്‍ക്കാര്‍ക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ട സാധനങ്ങളില്‍ ഒന്നാണ് ചീസ്. ഫ്രാന്‍സിന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചീസിന് നല്ല ഡിമാൻഡാണ്. ഫ്രാന്‍സില്‍ ഇപ്പോള്‍ ചീസ് നിര്‍മ്മാതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെങ്കില്‍ ആളുകൾ ചീസ് ഉപയോഗം കൂട്ടണം.. . ഫ്രാന്‍സില്‍ മാത്രം 1200 ഇനം ചീസുകള്‍ നിര്‍മ്മിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.