food

ലോക്ക് ഡൗണ്‍ മാറി ജീവിതം പഴയപടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും വ്യത്യസ്ത പദ്ധതികളാണ് നടപ്പാക്കുന്നത്. ഇത്രനാളത്തെ ലോക്ഡൗൺ നഷ്ടത്തിലാക്കിയ ഒരുപാട് വ്യവസായങ്ങളെയും മറ്റും കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യംകൂടി ഓരോ രാജ്യത്തിനുമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം നഷ്ടത്തിലായത് ഹോട്ടല്‍, റെ സ്റ്റാറന്റ് മേഖലകളാണ്. ഇത് ലോകത്തിലെ എല്ലാ കോണിലും ഇങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ സര്‍ക്കാർ, ഹോട്ടലുകളെ സഹായിക്കാൻ ഒരു പദ്ധതിയുമായി വന്നിരിക്കുകയാണ്. വിയന്നയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ 50 പൗണ്ടിന്റെ വൗച്ചർ സമ്മാനിക്കുന്നു, അതും സൗജന്യമായി. ഏകദേശം 4450 രൂപ വില വരും ഇത്. ഈ വൗച്ചര്‍ ഉപയോഗിച്ച് ഹോട്ടലുകളില്‍ നിന്ന് ആള്‍ക്കാര്‍ ഭക്ഷണം കഴിക്കാം. കൂടുതല്‍ ആള്‍ക്കാരെ വീടുകള്‍ക്കുള്ളില്‍ നിന്നിറക്കി ഹോട്ടലുകളിലെത്തിക്കുക എന്നതാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. ഈ പദ്ധതി ഹോട്ടലുകൾക്ക് ഏറെ ആശ്വാസകരമാകും. വിയന്നയിലെ ലോക്കല്‍ റെസ്റ്ററന്റുകളെയും കഫെകളെയും രക്ഷിക്കാനാണ് ഇങ്ങനെയൊരു പദ്ധതി.

മേയര്‍ മൈക്കിള്‍ ലുദ്‌വിഗാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ വീടുകളിലേക്കും 50 പൗണ്ടിന്റെ വൗച്ചര്‍ നല്‍കും. ഒരാള്‍ തനിച്ച് ജീവിക്കുന്ന വീടുകളില്‍ 25 പൗണ്ടും കൂടുതല്‍ പേര്‍ വസിക്കുന്ന വീടുകളില്‍ 50 പൗണ്ടിന്റെ വൗച്ചറുമായിരിക്കും നല്‍കുക. റെസ്റ്ററന്റുകളിലും കഫേകളിലും എത്തുന്ന ഈ വൗച്ചറുകള്‍ അവര്‍ക്ക് പണമായി മാറ്റിയെടുക്കാം. ലോക്കല്‍ റെസ്റ്ററന്റുകള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കുന്നത് 40 മില്യന്‍ പൗണ്ടാണെന്നും മേയര്‍ അറിയിച്ചു.ഏകദേശം ഒമ്പതര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ വൗച്ചര്‍ സര്‍ക്കാര്‍ നല്‍കും. വൗച്ചര്‍ ഉപയോഗിച്ച് റെസ്റ്ററന്റുകളിലും കഫെകളിലും പോയി അവര്‍ക്ക് ഭക്ഷണം കഴിക്കാം.