hotel

കൊവിഡും ലോക്ക്ഡൗണും ലോകത്തെമ്പാടുമുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും സാമ്പത്തികമായി തകർത്തിരിക്കുകയാണ്. ഘട്ടം ഘട്ടമായി ഹോട്ടലുകളും മറ്റും തുറക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മിക്ക രാജ്യങ്ങളും. സുരക്ഷയ്ക്ക് മുൻഗണന നല്‍കിയായിരിക്കും തുറക്കുക. റസ്റ്റോറന്റുകളിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യം. ഒരു സമയം ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ഒരു ടേബിളിൽ ഒരാൾ എന്ന രീതിയിൽ ക്രമീകരിക്കും തുടങ്ങി നിരവധി ആശയങ്ങളാണ് ഹോട്ടലുടമകൾ മുന്നോട്ട് വച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കൽ ഒരുതരത്തിൽ പറഞ്ഞാൽ ആളുകളെ ബോറടിപ്പിക്കുകയും ചെയ്യും.

ആളുകളുടെ ആ ബോറടിയെ തരണം ചെയ്യാൻ വ്യത്യസ്തവും പുതുമയുള്ളതുമായ പല ആശയങ്ങളും റസ്റ്റോറന്റ് ഉടമകൾ ആവിഷ്‌കരിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആശയവുമായി വന്നിരിക്കുകയാണ് തായ്‌ലന്റിലെ ഒരു റസ്റ്റോറന്റ്. കഴിക്കാൻ വരുന്നവർക്ക് ബോറടിക്കാതിരിക്കാൻ അവർ ചെയ്തത് എന്താണെന്നോ? എല്ലാ സീറ്റുകളിലും ഓരോ പാണ്ടക്കരടിയുടെ ബൊമ്മകളെ സ്ഥാപിച്ചു.

തായ്‌ലന്റിലെ ഒരു വിയറ്റ്‌നാമീസ് റസ്‌റ്റോറന്റാണ് ഈ ആശയം യാഥാർത്ഥ്യമാക്കിയത്. മെയ്‌സൺ സൈഗൺ എന്നാണ് റെസ്‌റ്റോറന്റിന്റെ പേര്. കണ്ടാൽ ശരിക്കുള്ള പാണ്ട തന്നെ. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം റെസ്‌റ്റോറന്റിൽ ചെലവഴിക്കുന്ന സമയം സന്തോഷകരമാക്കാൻ സാധിക്കുമെന്നും റസ്‌റ്റോറന്റിന്റെ ഉടമ നാത്വുട് റോദ്ചനാപന്ത്കുൽ പറയുന്നു.ഓരോ ടേബിളിലും ഓരോ പാണ്ട എന്നതാണ് കണക്ക്. തന്റെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന അതിഥികൾക്ക് ഇത് സന്തോഷം പകരുന്നു എന്നാണ് ഹോട്ടലുടമ പറയുന്നത്.