cancer
കാൻസർ രോഗിയുടെ മരുന്ന് കാണാതായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി ആർ.എം.ഒയെ ഉപരോധിക്കുന്നു

 സംഭവം ജില്ലാ ആശുപത്രിയിൽ

കൊല്ലം: ജില്ലാ ആശുപത്രിയിൽകീമോ തെറാപ്പിക്കായി അർബുദ രോഗി എത്തിച്ച മരുന്ന് കാണാതായി. മുണ്ടയ്ക്കൽ സ്വദേശി ആർ.സി.സിയിൽ നിന്ന് വാങ്ങിയ മരുന്നാണ് കാണാതായത്. ഇ.എസ്.ഐ ആനുകൂല്യമുള്ള മുണ്ടയ്ക്കൽ സ്വദേശി ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലാണ് നേരത്തെ കീമോതെറാപ്പി ചെയ്തിരുന്നത്. അവിടെ ഓങ്കോളജിസ്റ്റ് ഇല്ലാതായതോടെ ആർ.സി.സിയിലേക്ക് മാറി.

ലോക്ക് ഡൗണായതോടെ ആർ.സി.സിയിൽ പോകാനാകാത്ത സാഹചര്യം വന്നതോടെ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ കീമോയ്ക്ക് റഫർ ചെയ്തു. ചൊവ്വാഴ്ച ആർ.സി.സിയിൽ നിന്ന് 60 മില്ലി ഗ്രാം മരുന്നുമായാണ് രോഗിയെത്തിയത്. ഇതിൽ 30 മില്ലി ഗ്രാം ഉപയോഗിച്ചാണ് അന്ന് കീമോ നടത്തിയത്. ശേഷിക്കുന്ന കീമോയ്ക്കായി എത്തിയപ്പോഴാണ് മരുന്ന് കാണാതായ വിവരം അറിയുന്നത്. മരുന്നില്ലാത്തതിനാൽ കീമോ ചെയ്യാനാകില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയയ്ക്കുകയും ചെയ്തു. 60 മില്ലി ഗ്രാം മരുന്നിന് ഏകദേശം പതിനായിരം രൂപയാണ് വില.

സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, അജിത്ത് ചോഴത്തിൽ, നിഖിൽ കരുവ, ഗോകുൽ, രമേശ് എന്നിവർ നേതൃത്വം നൽകി.