construction

കൊല്ലം: ലോക്ക് ഡൗണിൽ വലിയ ഇളവുകൾ വന്നതോടെ തൊഴിൽ മേഖലകൾ ഭൂരിഭാഗവും ഉണർന്ന് തുടങ്ങി. ഇളവിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ വിവിധ മേഖലകളിൽ കാര്യമായ വരുമാനമോ തൊഴിലോ ലഭിച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ജില്ലയിലെ ഏറ്റവും വലിയ തൊഴിൽ രംഗമായ കശുഅണ്ടി മേഖലയിൽ കാഷ്യൂ കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികൾ രണ്ടാഴ്ച മുമ്പേ തുറന്നിരുന്നു.

ഇടത്തരം വള്ളങ്ങളും ബോട്ടുകളും വരെ കടലിൽ പോയി മത്സ്യത്തൊഴിലാളികളിൽ വലിയൊരു വിഭാഗവും കഴിഞ്ഞ ഒരുമാസമായി ആശ്വാസത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുതൽ വലിയ ബോട്ടുകളും വള്ളങ്ങളും കടലിൽ പോയിത്തുടങ്ങിയതോടെ മത്സ്യമേഖലയും ഉണർവിലേക്ക് എത്തിയിട്ടുണ്ട്. വിപണി സജീവമായതോടെ വിവിധ ചെറുകിട വ്യവസായ യൂണിറ്റുകളും സ്വയം തൊഴിൽ ഗ്രൂപ്പുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

നിർമ്മാണ മേഖലയ്ക്ക് നേരത്തെ തന്നെ ഇളവ് ലഭിച്ചിരുന്നു. വിവിധ വകുപ്പുകളുടെ കരാർ പ്രവൃത്തികൾ കാര്യമായി നടക്കുന്നില്ലെങ്കിലും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തെ അവഗണിച്ച് സ്വകാര്യ മേഖലയിൽ നിർമ്മാണ പ്രവൃത്തികൾ തകൃതിയായി തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇഷ്ടിക, ക്രഷർ യൂണിറ്റുകളും ചലിച്ച് തുടങ്ങി. ആട്ടോറിക്ഷകൾ കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങിയെങ്കിലും ജനങ്ങൾ കൂടുതലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ യാത്രക്കാർ കുറവാണ്. വൈകാതെ തുടർച്ചയായി സവാരി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവർമാർ. വൻകിട വസ്ത്രശാലകളും തുണിക്കടകളും മാളുകളും തുറന്നതോടെ ഈ സ്ഥാപനങ്ങളിലെ പതിനായിരക്കണക്കിന് ജീവനക്കാർക്കും ഒന്നിടവിട്ട ദിവസമെങ്കിലും തൊഴിൽ ലഭിച്ച് തുടങ്ങി. സ്വകാര്യ ബസുകൾ വരും ദിവസങ്ങളിൽ ഓടിത്തുടങ്ങുന്നതോടെ ഈ മേഖലയിലെ തൊഴിലാളികൾക്കും ആശ്വാസമാകും. ടൂറിസം മേഖലയിൽ ഇപ്പോഴും സ്തംഭനം തുടരുകയാണ്.