കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ജീവിതരീതിയാക്കാൻ കഴിയുന്നില്ലെന്നതിന്റെ അടയാളമാണ് നിരത്തിലെ ജനക്കൂട്ടം. കുറഞ്ഞത് ഒരു മീറ്റർ അകലം ഉറപ്പാക്കുക മാത്രമാണ് കൊവിഡ് പ്രതിരോധമെന്നിരിക്കെ നിരത്തുകളിൽ ഇത് ഉറപ്പാക്കാനാകുന്നില്ല. വിവിധ പ്രദേശങ്ങളിൽ നിന്ന്, വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ ഒരുമിച്ച് ചേരുന്ന കാഴ്ചയാണെങ്ങും.
മത്സ്യചന്തകൾ, സൂപ്പർ മാർക്കറ്റുകൾ, വിപണന കേന്ദ്രങ്ങൾ തുടങ്ങി ആള് കൂടുന്നിടങ്ങളിലെല്ലാം ഇത് തന്നെയാണ് അവസ്ഥ. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് ഇനി ഭയക്കേണ്ടതെന്ന് ആരോഗ്യ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴും പലരും മുഖവിലയ്ക്കെടുക്കുന്നില്ല. കൊച്ച് കുട്ടികൾ, പ്രായമായവർ എന്നിവർ പുറത്തിറങ്ങരുതെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല.
വ്യാപാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ എല്ലാം പഴയപടിയായി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവന്ന് ഗൃഹനിരീക്ഷണങ്ങളിൽ കഴിയുന്നവരിൽ ചെറിയൊരു വിഭാഗവും നിയന്ത്രണങ്ങൾ അംഗീകരിക്കുന്നില്ല. ഇത്തരക്കാർ കാഴ്ച കാണാൻ പുറത്തിറങ്ങുന്നുവെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് പൊലീസ് പ്രത്യേക പട്രോളിംഗ് വരെ തുടങ്ങിയത്. എങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്നുവർ ഉണ്ടെന്നാണ് വിവരം.
ആരോഗ്യവകുപ്പ് പറയുന്നത് അനുസരിക്കണം
സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ മഹാമാരി പൂർവാധികം ശക്തിയോടെ മടങ്ങിയെത്തിയേക്കാം. ജനക്കൂട്ടം സൃഷ്ടിക്കുന്നവരെ കർശന വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യും. മാസ്ക് ധരിക്കാത്തവരെ പിടിക്കാൻ ജില്ലയിൽ പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിച്ചു. പിഴയ്ക്കൊപ്പം നിയമ നടപടികളും നേരിടേണ്ടിവരും.
ഹാൻഡ് വാഷ് കോർണറുകൾ നിർബന്ധം
വ്യാപാര കേന്ദ്രങ്ങളിൽ ഹാന്റ് വാഷ് - സാനിറ്റൈസർ കോർണറുകൾ ഇല്ലെങ്കിൽ നോട്ടീസ് നൽകി നിയമ നടപടികളിലേക്ക് പോവുകയാണ് പൊലീസ്. കൊവിഡ് നിർദേശങ്ങൾ അംഗീകരിക്കാത്തവരെ നിയമത്തിന്റെ വഴിയിലൂടെ നേരിടാനാണ് സർക്കാർ സംവിധാനങ്ങളുടെ തീരുമാനം.
ഭയക്കണം മഹാമാരി വരുന്ന വഴി
1. തിരക്കുകളിൽ സാമൂഹിക അകലം പാലിക്കാൻ മറന്നു
2. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നു
3. വ്യാപാര കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് കോർണറുകൾ ഇല്ല
4. ഇടയ്‌ക്കിടെ കൈകൾ കഴുകുന്നതും ഉപേക്ഷിച്ചു
5. വീട്ടിലെത്തുമ്പോൾ വ്യക്തിശുചിത്വം പാലിക്കുന്നില്ല
6. ഓഫീസുകളിൽ മാസ്‌ക് ധരിക്കാതെ ജോലി ചെയ്യുന്നു
''
സാമൂഹിക അകലം മാത്രമാണ് ഫലപ്രദമായ കൊവിഡ് പ്രതിരോധം. സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി വേണ്ടിവരും.
ബി.അബ്ദുൽ നാസർ
ജില്ലാ കളക്ടർ