പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്തെ ഇടമൺ-34ലെ ആതുരാലയത്തിന് മുന്നിൽ രൂപപ്പെട്ട വെളളക്കെട്ട് ഭീഷണിയാകുന്നു. തെന്മല ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ഇടമൺ-34ൽ പ്രവർത്തിച്ചു വരുന്ന ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ മുന്നിലാണ് ഒന്നര ആഴ്ചയായി മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് രൂപപ്പെട്ടത്. രണ്ട് ആഴ്ചയായി തുടരുന്ന വേനൽ മഴയിൽ ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ ചെളി വെളളം ആശുപത്രിക്ക് മുന്നിൽ കെട്ടിക്കിടന്നിട്ടും ബന്ധപ്പെട്ട അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം.
കൊതുകുകളുടെ ആവാസകേന്ദ്രം
മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറുന്നത് ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നതിന് കാരണമാകും. ചൊച്ചാഴ്ച 12 പേർ ഡെങ്കിപ്പനി ബാധിച്ച് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. റബർ തോട്ടം മേഖലയായ ഇടമൺ സത്രം, ഇടമൺ-34, ആനപെട്ടകോങ്കൽ, ഉറുകുന്ന്, അണ്ടൂർപച്ച, തേക്കുംകൂപ്പ്, ഉദയഗിരി, ആയത്തിൽ, 17-ാം ബ്ലോക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിൽ താമസക്കാരാണ് സർക്കാർ ആതുരാലയത്തിൽ ചികിത്സ തേടിയെത്തുന്നത്.