facebook
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ ഫേസ്ബുക്ക് പേജ്

 ശുചിത്വബോധം ഫേസ് ബുക്കിലൂടെ ഓർമ്മപ്പെടുത്തി ജില്ലാ കളക്ടർ

കൊല്ലം: കൊവിഡ് കാലത്ത് ശുചിത്വ ബോധത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വേണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. നവമാദ്ധ്യങ്ങളിലൂടെ തനിക്ക് ലഭിക്കുന്ന പരാതികളെ കുറിച്ച് ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് കളക്ടർ പ്രതികരിച്ചത്. മാലിന്യ കൂമ്പാരം, വെള്ളക്കെട്ട്, ഓടകൾ നിറഞ്ഞു, അഴുക്ക് വെള്ളം പരിസരത്ത് കൂടി ഒഴുകുന്നു തുടങ്ങിയ പരാതികളാണ് കളക്ടർക്ക് ഏറെയും ലഭിച്ചത്. സർക്കാർ സംവിധാനങ്ങൾ പരാതികൾ പരിഹരിക്കണമെന്നാണ് മിക്കവരുടെയും ആവശ്യം. പരാതികൾക്ക് പരിഹാരം കാണാൻ നടപടി സ്വീകരിച്ചതിനൊപ്പം ജനങ്ങളുടെ ഉത്തരവാദിത്വം കൂടി ഓർമ്മിപ്പിക്കുകയാണ് കളക്ടർ.

ഫേസ് ബുക്ക് പോസ്റ്റിലെ 4 കാര്യങ്ങൾ

1. മാലിന്യകൂമ്പാരത്തിന് ആരാണ് കാരണം ?

മാലിന്യം പൊതുസ്ഥലത്ത് ഇട്ടവർ, അത് നോക്കിനിന്നവർ, ഇടാൻ സഹായിച്ചവർ, മാലിന്യം ഇടാൻ പാകത്തിൽ ഇടം ആക്കിയവർ. ഇത്തരക്കാരെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ പരാതി നൽകിയവർ പറയും, അയ്യോ സാറേ ഞാൻ അറിയില്ലേ. പരാതി പറഞ്ഞവർ മാലിന്യം എവിടെ കൊണ്ടിട്ടു എന്നൊന്നും ചോദിക്കുകയെ വേണ്ട!.

2. മഴവെള്ളം കെട്ടി നിൽക്കുന്നത്?​

ഒരിറ്റ് വെള്ളം പോലും മണ്ണിലിറങ്ങാത്ത തരത്തിൽ സിമന്റ് ഇട്ടപ്പോൾ കുഴപ്പമില്ല, ഒഴുകിപോകുന്ന വെള്ളം മതിൽ കെട്ടി തടഞ്ഞപ്പോഴും പ്രശ്നമിഇല്ല. ഒഴിഞ്ഞ പറമ്പിലൂടെ വെള്ളം ഒഴുകുന്നത് കണ്ടപ്പോൾ എന്റെ ഭൂമിയിൽ കൂടി വെള്ളം ഒഴുകണ്ടായെന്ന് പറഞ്ഞപ്പോഴും വേവലാതി ഉണ്ടായില്ല. പരിസരത്തെ തണ്ണീർത്തടവും നെൽവയലും നികത്തുമ്പോളും കണ്ടില്ല ഈ ജാഗ്രത.

3. ഓടകൾ അടഞ്ഞു, ആകെ പ്രളയം?​

പരിസരത്തുള്ള മണ്ണും ചെളിയും ഓടകളിലേക്ക് വീഴുന്നത് കണ്ടപ്പോൾ ആരും പരിഗണിച്ചില്ല. വീട്ടിലും പരിസരത്തും അടിഞ്ഞുകൂടിയ ചെളിയും അഴുക്കും പുറത്തേക്കാക്കി വൃത്തിയാക്കിയപ്പോൾ ഓടയിലേക്ക് പോയതും കണ്ടില്ല. ഓട നന്നാക്കുകയോ പുതുതായി നിർമ്മിക്കുകയോ ചെയ്യുമ്പോൾ വീടിന് മുന്നിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞതും മറന്നുപോയി. വീട്ടിലെ മലിനജലം ഒഴുക്കിവിട്ട് ഓട അടഞ്ഞതും കാണാനായില്ല.

4. അഴുക്ക് ചാലുകൾ സ്വന്തമാക്കി?​

മഴവെള്ളം ഒഴുകാൻ ഉണ്ടാക്കിയ അഴുക്ക് ചാൽ സംവിധാനങ്ങൾ ചിലർ സ്വന്തമാക്കി.

അതിനാൽ വെള്ളവും അല്ലാത്തതുമായ എല്ലാ മാലിന്യങ്ങളും അഴുക്ക് ചാലുകളിലേക്ക് ഇവർ തള്ളുകയാണ്.

പുതിയ കാഴ്ചപ്പാട് വേണം

1. നിയമങ്ങൾ നടപ്പിലാക്കാൻ ജനങ്ങൾ കൂടി സഹായിക്കണം

2. കുറെ കുറ്റവാളികളാണ് മാലിന്യപ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ കാരണം

3. അതുപോലെ നമ്മുടെ സമീപനവും അതിന് കാരണമാകുന്നു

4. ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് സമീപിച്ചാൽ വിഷയങ്ങൾ പരിഹരിക്കാം

5. ജനങ്ങൾ കടമ നിർവഹിക്കണം

''

മാലിന്യമില്ലാത്ത പൊതുഇടങ്ങൾ, വെള്ളക്കെട്ടില്ലാത്ത പരിസരം, ബ്ലോക്കില്ലാത്ത ഓടകൾ, പ്രളയവും മഹാമാരിയും രോഗവുമില്ലാത്ത സമൂഹം എന്നിവയ്ക്കായി ഒരേ മനസോടെ കൈകോർക്കണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ