കൊല്ലം: ചവറ - ശാസ്‌താംകോട്ട പ്രധാന പാതയിൽ ആഞ്ഞിലിമൂട് മുതൽ പൊട്ടക്കണ്ണൻ മുക്ക് വരെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ആധുനിക റോഡ് കുന്നത്തൂരിലെ അപകട പാതയാകുന്നു. വശങ്ങളും റോഡും തമ്മിൽ രണ്ടടിയിലേറെ ഉയരവ്യത്യാസം വന്നതിനാൽ റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങൾ നീങ്ങിയാൽ അപകടക്കുഴികളിലേക്ക് വീഴും. താലൂക്കിലെ അഞ്ച് റോഡുകൾ 72 കോടി രൂപ മുടക്കി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പൊട്ടക്കണ്ണൻമുക്ക് മുതൽ ആഞ്ഞിലിമൂട് വരെ രാജ്യാന്തര നിലവാരത്തിൽ പുതിയ റോഡ് നിർമ്മിച്ചത്. എന്നാൽ റോഡിന്റെ വീതി വർദ്ധിപ്പിച്ചിട്ടില്ല. നിർമ്മാണ ഘട്ടത്തിൽ തന്നെ അശാസ്ത്രീയ രീതിക്കെതിരെ വിമർശനം ഉയർന്നെങ്കിലും പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന ആക്ഷേപം ശക്തമാണ്.
മഴക്കുഴിയായി ആഞ്ഞിലിമൂട് ജംഗ്ഷൻ
കുന്നത്തൂർ താലൂക്കിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ ആഞ്ഞിലിമൂട്ടിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത എൻജിനീയറിംഗ് രീതിയാണ്. ജംഗ്ഷനിൽ വാഹനം ഒതുക്കാനോ നിലവിലുള്ള പെട്ടി ഓട്ടോ പാർക്കിംഗ് തുടരാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കടകളിലേക്കും വീടുകളിലും വെള്ളം കയറുന്ന നിലയാണ്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും റോഡിനുമിടയിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. താലൂക്കിലെ ഏറ്റവും വലിയ ചന്ത പ്രവർത്തിക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനാളുകളാണ് വന്ന് പോകുന്നത്. മണ്ണ് കയറി കലുങ്ക് അടഞ്ഞതോടെ ചെറിയ മഴ എത്തിയാലും ജംഗ്ഷൻ വെള്ളക്കെട്ടാവുകയാണ്.
വശങ്ങളിൽ തറയോട് പാകും. ഏത് കാലത്താണ് ?
ഉയര വ്യത്യാസം പരിഹരിക്കാൻ വശങ്ങളിലെ വൻ കുഴികൾ നികത്തി തറയോട് പാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. പക്ഷേ അതിനുള്ള നടപടികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. അടിയന്തിര പ്രാധാന്യം നൽകി വശങ്ങളിലെ ഉയര വ്യത്യാസം പരിഹരിച്ചില്ലെങ്കിൽ വലിയ അപകടങ്ങളുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡും വശങ്ങളും തമ്മിൽ രണ്ടടിയിലേറെ ഉയര വ്യത്യാസമുണ്ട്. വശങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാൻ കഴിയില്ല. തെന്നിപ്പോയാൽ താഴെ വീണ് അപകടമുണ്ടാകും.
സജീർ ഹമീദ്, മിനി ബസ് ഉടമ, പ്രദേശവാസി
2 അടി ഉയരവ്യത്യാസം
ആഞ്ഞിലിമൂട് - പൊട്ടക്കണ്ണൻ മുക്ക് റോഡും വശങ്ങളും തമ്മിൽ രണ്ട് അടിയിലേറെ ഉയര വ്യത്യാസമുണ്ട്. റോഡും വശങ്ങളും തമ്മിൽ ഇത്രയധികം ഉയര വ്യത്യാസം വന്നതോടെ വശങ്ങളിലെ വീടുകളിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് കയറ്റാനും ഇറക്കാനും നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.